വൈക്കം : വെച്ചൂർ - കല്ലറ റോഡിൽ പാടശേഖരത്തേക്ക് കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി മറിഞ്ഞു. ഇവിടെ മാലിന്യ നിക്ഷേപം തുടർക്കഥയെന്ന് നാട്ടുകാർ. റോഡരികിൽ, പൂവത്തിക്കരി, കോലാംപുറത്തുകരി പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന തോട്ടിലേക്ക് മാലിന്യം ഒഴുകാൻ ശ്രമിക്കുന്നതിനിടെയാണ് ടാങ്കർ ലോറി മറിഞ്ഞത്. പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം. ലോറി മറിഞ്ഞയുടൻ ലോറിയുടെ ബാറ്ററി അടക്കമുള്ളവ എടുത്ത് ജീവനക്കാർ മുങ്ങി. അടുത്തകാലത്തായി പല തവണ കക്കൂസ് മാലിന്യവുമായെത്തിയ ടാങ്കറുകൾ നാട്ടുകാർ ഇവിടെ പിടികൂടിയിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് ഇതേപോലെ ഇവിടെ ടാങ്കർ മറിഞ്ഞിരുന്നു. അന്ന് പൊലീസെത്തി കേസെടുത്തതുമാണ്. ഇന്നലെയും പൊലീസും റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി വിട്ടയക്കാനായിരുന്നു പൊലീസിന്റെ നീക്കമെന്ന് നാട്ടുകാർ ആരോപിച്ചു. പിന്നീട് ലോറി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കക്കൂസ് മാലിന്യം പതിവായി തള്ളുന്നതിനാൽ ഇവിടെ പാടശേഖരത്ത് പണിക്കിറങ്ങാൻ പോലും ബുദ്ധിമുട്ടായിട്ടുണ്ട്. തോട്ടിൽ ഇറങ്ങുന്നവർക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളുമുണ്ടാകുന്നു. കൊടുതുരുത്ത് മുതൽ നാണുപറമ്പ് വരെയുള്ള ഭാഗത്താണ് മാലിന്യം പതിവായി നിക്ഷേപിക്കുന്നത്. നാട്ടുകാർ ആരെങ്കിലും തടയാൻ ചെന്നാൽ അവരെ ആക്രമിക്കാൻ തുനിയുന്ന സംഭവമുണ്ടായിട്ടുണ്ട്. മാരകായുധങ്ങളുമായാവും പലപ്പോഴും മാലിന്യവുമായെത്തുന്നവർ നാട്ടുകാരെ നേരിടുക. മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ അതികൃതർ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല.
പി.രാജേഷ്
(സി.പി. എം വെച്ചൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം)
അധികൃതർ വേണ്ടത്ര ഗൗരവം നൽകാത്തതുകൊണ്ടാണ് ഇവിടെ മാലിന്യം തള്ളുന്ന സംഭവം ആവർത്തിക്കപ്പെടുന്നത്. കാമറ സ്ഥാപിക്കുന്നതടക്കമുള്ള നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികളുണ്ടാവുകയും വേണം.