പാലാ : പെൺകുട്ടികളുടെ വിവാഹ - വിദ്യാഭ്യാസ ആവശ്യത്തിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ സുകന്യസമൃദ്ധി യോജനയുടെ പ്രചരണാർത്ഥം തപാൽ വകുപ്പ് കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന റോഡ് ഷോ പാലാ ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് നിന്ന് ആരംഭിച്ചു. റോഡ് ഷോ ചൊവ്വാഴ്ച സമാപിക്കും. 10 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്ക് പദ്ധതിയിൽ ചേരാൻ സാധിക്കും. ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധിയിൽ അംഗങ്ങളാവാം. 14 വർഷം ഓരോ സാമ്പത്തിക വർഷവും കുറഞ്ഞത് 250 രൂപ നിക്ഷേപിക്കണം. പരമാവധി ഒരു വർഷം ഒന്നരലക്ഷം രൂപ നിക്ഷേപിക്കാം. ആദായ നികുതി ഇളവ് ലഭിക്കും. 18 വയസ് പൂർത്തിയായാൽ ഉന്നത വിദ്യാഭ്യാസത്തിന് പകുതി പണം പിൻവലിക്കാം. കുട്ടിയുടെ വിവാഹസമയത്ത് പലിശസഹിതം മുഴുവൻ പണവും പിൻവലിക്കാം. 8.4 ശതമാനമാണ് പലിശനിരക്ക്. റോഡ് ഷോ ചലച്ചിത്ര താരം മീനാക്ഷി ഫ്‌ളാഗ് ഒഫ് ചെയ്തു. കോട്ടയം ഡിവിഷൻ സീനിയർ സൂപ്രണ്ട് പി.വി.കേശവൻ, സതിമോൾ പി.എസ്, രാജീവ് വി.കെ, സമിത സാഗർ, വിദ്യ എസ്.വി, ശോഭന വി.ആർ, സജി പി.കെ, സുനിൽ എൻ.കെ, കെ.കെ.വിനു എന്നിവർ നേതൃത്വം നൽകി.