ചെത്തിപ്പുഴ : ചെത്തിപ്പുഴ സ്‌കൂളിന് സമീപം റോഡരികിൽ മാലിന്യങ്ങൾ കുന്നുകൂടുന്നത് കുട്ടികളെ ദുരിതത്തിലാക്കുന്നു. മാലിന്യം ചീഞ്ഞളിഞ്ഞ് രൂക്ഷമായ ദുർഗന്ധം ഉയരുന്നതിനാൽ മൂക്കുപൊത്തി യാത്ര ചെയ്യേണ്ട ഗതികേടിലാണ് ഇവർ. നിരോധന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യനിക്ഷേപത്തിന് യാതൊരു കുറവുമില്ല. ജനപ്രതിനിധികളുടെയും പൊലീസിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമില്ല. ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച മാലിന്യങ്ങളാണ് തള്ളുന്നത്. വിരുന്ന് സൽക്കാരത്തിന് ശേഷമുള്ള ഭക്ഷണാവശിഷ്ടങ്ങളും വ്യാപാരസ്ഥാപനങ്ങളിൽ നിന്നുമുള്ള അവശിഷ്ടങ്ങളുമാണ് ഏറെയും. വാഹനങ്ങൾ കയറി അവശിഷ്ടങ്ങൾ റോഡിലാകെ ചിതറിക്കിടക്കുകയാണ്. ഇത് ഭക്ഷിക്കാൻ തെരുവ് നായ്ക്കളും കൂട്ടത്തോടെയെത്തുന്നത് കുട്ടികളെയും രക്ഷിതാക്കളെയും ഭീതിയിലാഴ്ത്തുന്നു. പിടികൂടിയിട്ടും വീണ്ടും മാസങ്ങൾക്ക് മുൻപും ഇടറോഡിൽ ഇത്തരത്തിൽ ചാക്കുകളിലാക്കി മാലിന്യങ്ങൾ തള്ളിയിരുന്നു. കക്കൂസ് മാലിന്യം തള്ളിയവരെ കൈയോടെ പിടികൂടി. എന്നിട്ടും മാലിന്യം തള്ളൽ കുറയുന്നില്ല. പ്രതിഷേധം ശക്തമായതോടെയാണ് പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ നിരോധനബോർഡ് സ്ഥാപിച്ചത്.

'' നിരീക്ഷണ കാമറകൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണം. അധികൃതരുടെ അനാസ്ഥയാണ് മാലിന്യം പെരുകാൻ കാരണം.

സുരേഷ്, പ്രദേശവാസി

തെരുവുനായ ശല്യം രൂക്ഷം

ഭീതിയോടെ വിദ്യാർത്ഥികൾ

പൊലീസ് പട്രോംളിംഗ് വേണമെന്ന്