കോട്ടയം : സംസ്ഥാന ചലച്ചിത്ര അക്കാഡമിയും ആത്മയും ചേർന്ന് നടത്തുന്ന ആറാമത് പ്രാദേശിക രാജ്യാന്തര ചലച്ചിത്രോത്സവം 21 മുതൽ 25 വരെ, കോട്ടയം അനശ്വര തിയേറ്ററിൽ നടക്കും. 15 വിദേശ ചിത്രങ്ങളും, വിവിധ ഭാഷകളിൽ നിന്നുള്ള 5 ഇന്ത്യൻ ചിത്രങ്ങളും 5 മലയാളം ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുക. ദിവസവും അഞ്ച് ചിത്രങ്ങൾ വീതമാകും പ്രദർശിപ്പിക്കുക. ഓസ്‌കാർ മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ട 'പാരസൈറ്റ്' ആണ് മേളയുടെ മുഖ്യാകർഷണം. കൂടാതെ അഡൽറ്റ് ഇൻ ദ റൂം, ഇറ്റ് മസ്റ്റ് ബീ ഹെവൻ , മൈ നൂഡിറ്റി മീൻസ് നത്തിംഗ്, ഫീലിയാസ് ചൈൾഡ് എന്നിങ്ങനെ 15 ചിത്രങ്ങളും ആനിമാനി, ലിഹാഫ്, വിഡോ ഓഫ് സൈലൻസ് എന്നീ ഇന്ത്യൻ ചിത്രങ്ങളും ഷാങ്ഹായ് മേളയിൽ പുരസ്‌കാരം നേടിയ വെയിൽമരങ്ങൾ, കെഞ്ചിറ, ബിരിയാണി തുടങ്ങിയ മലയാളചി ത്രങ്ങളും ഉണ്ടാവും .കാൻ , ബെർലിൻ , റോട്ടർഡാം, ബുസാൻ , ഷാങ്ഹായ് എന്നീ മേളകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങളും ഗോവ, തിരുവനന്തപുരം ഐഫ്.എഫ്.കെ തുടങ്ങിയവയിൽ മത്സരിച്ച ചിത്രങ്ങളുമാണ് പ്രദർശനത്തിന് ഉണ്ടാവുക.
25 ചിത്രങ്ങൾ കാണാൻ : 300 രൂപ
വിദ്യാർത്ഥികൾക്ക് : 200 രൂപ
18 വയസ് കഴിഞ്ഞവർക്കാണ് പ്രവേശനം
പാസ് വിതരണം 10 ന്
എല്ലാ ദിവസവും സംവിധായകർ, നടന്മാർ, മറ്റു സാങ്കേതിക വിദഗ്ദ്ധരുമായി സംവാദമുണ്ട്. ഉദ്ഘാടനസമ്മേളനത്തിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സിബി മലയിൽ എന്നിവരും സമാപന സമ്മേളനത്തിൽ റോഷൻ ആൻഡ്രൂസും സംബന്ധിക്കും. 10 ന് രാവിലെ 10 മുതൽ 6 വരെ ഡെലിഗേറ്റ് പാസുകൾ അനശ്വര തിയേറ്ററിൽ വിതരണം ആരംഭിക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടറായ ജോഷി മാത്യുവും, ജനറൽ കൺവീനർ ഫെലിക്‌സ് ദേവസ്യയും അറിയിച്ചു. വിവരങ്ങൾക്ക് : 9496970054