കോട്ടയം : കേരള കോൺഗ്രസ് (എം) കർഷകരക്ഷാസംഗമത്തോടനുബന്ധിച്ച് സമ്മേളനവേദിയായ കെ.എം.മാണി നഗറിൽ (തിരുനക്കര മൈതാനം) പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് കെ.എം.മാണി സ്മൃതിജ്യോതി തെളിയിച്ചു.
ഭരണാധികാരിയെന്നനിലയിൽ കേരളത്തിലെ കൃഷിക്കാർക്കായി ദീർഘവീക്ഷണത്തോടെ നിരവധി പദ്ധതികൾ നടപ്പാക്കിയ നേതാവാണ് മാണിയെന്ന് ജോസഫ് പറഞ്ഞു. കേരള സമ്പദ്ഘടനയുടെ അടിത്തറ കാർഷികമേഖലയുടെ വളർച്ചയിലാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞാണ് അദ്ദേഹം കൃഷിക്കാർക്കായി പ്രവർത്തിച്ചത്. കാർഷിക മേഖലയുടെ പുരോഗതിയിലൂടെ മാത്രമേ കേരള വികസനം സാദ്ധ്യമാവുകയുള്ളൂവെന്ന കാഴ്ചപ്പാടിലാണ് മാണി കേരള കോൺഗ്രസിനെ നയിച്ചിരുന്നതെന്നും ജോസഫ് ചൂണ്ടിക്കാട്ടി. മോൻസ് ജോസഫ് , ജോയി എബ്രാഹം തോമസ് ഉണ്ണിയാടൻ കെ.എഫ്. വർഗ്ഗീസ്,എം.ജെ.ജെക്കബ്, സജി മഞ്ഞക്കടമ്പിൽ, അജിത്ത് മുതിരമല, വി.ജെ.ലാലി, തുടങ്ങിയവർ പ്രസംഗിച്ചു.