പാലാ : രാജ്യത്തിന്റെ സാമ്പത്തികമേഖലയിലെ പ്രധാനഘടകം കർഷകരാണെന്ന് കേന്ദ്രസർക്കാർ മറന്നുപോകുന്നുവെന്ന് അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ചാമുണ്ണി പറഞ്ഞു. കിസാൻസഭ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക സ്‌നേഹം പറഞ്ഞ് അധികാരത്തിലെത്തിയവർ അവരുടെ പ്രശ്‌നങ്ങൾ തിരക്കാൻ പോലും തയ്യാറാകുന്നില്ല. പുതിയ വെല്ലുവിളികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ കർഷകർ ഒറ്റക്കെട്ടായി പ്രതിഷേധ രംഗത്തേക്ക് എത്തുന്നതു മാത്രമാണ് പ്രതീക്ഷ. കർഷക പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമം. സമരരംഗത്തെത്തിയവരോട് ചർച്ചയ്ക്ക് പോലും കേന്ദ്രസർക്കാർ തയ്യാറായില്ല.
കേരളത്തോട് പകപോക്കൽ സമീപനമാണ് കേന്ദ്രം നടത്തുന്നത്. പ്രളയത്തിൽ പൂർണമായി തകർന്ന കേരളത്തിന്റെ കാർഷിക മേഖലയെ കേന്ദ്രം പാടേ അവഗണിക്കുകയാമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.മാധവൻ പതാക ഉയർത്തി. അഡ്വ.തോമസ് വി.ടി സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി ഇ.എൻ.ദാസപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ.ചന്ദ്രബാബു രക്തസാക്ഷി പ്രമേയവും, പി.രാധാകൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി മാത്യു വർഗ്ഗീസ്, സി.കെ.ശശിധരൻ, അഡ്വ.വി.കെ.സന്തോഷ് കുമാർ, ലീനമ്മ ഉദയകുമാർ, ജോൺ വി.ജോസഫ്, ബാബു കെ.ജോർജ്ജ്, മോഹൻ ചേന്നംകുളം, സണ്ണി ഡേവിഡ്, കെ.എസ്.അജയകുമാർ, എൻ.കെ ഭാസ്‌ക്കരൻ എന്നിവർ സംസാരിച്ചു.