nellu-jpg

വൈക്കം: വെച്ചൂരിൽ കൊയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും മില്ലുകാർനെല്ല് സംഭരിക്കാത്തതിനെ തുടർന്ന് പാടശേഖരത്തിൽ കെട്ടിക്കിടക്കുന്നു. വൈക്കം താലൂക്കിലെ ഏറ്റവും വലിയ പാടശേഖരമായ വെച്ചൂർ പൂവത്തുക്കരിയിലാണ് 250ലധികം ടൺ നെല്ല് കെട്ടിക്കിടക്കുന്നത്.ഏറെ ഉണങ്ങിയ നെല്ലായിട്ടും ക്വിന്റലിന് ഏഴു മുതൽ പത്ത് കിലോയോളം ഈർപ്പത്തിന്റെ പേരിൽ കുറയ്ക്കുമെന്നതർക്ക മുന്നയിച്ചാണ് നെല്ല് സംഭരണത്തിന്റെ ചുമതലുള്ള സ്വകാര്യ മില്ല് നെല്ല് സംഭരിക്കാൻ വിമുഖത കാട്ടുന്നത്.കഴിഞ്ഞ രണ്ടു ദിവസവും മഴ പെയ്തതിനാൽ നെല്ലിൽ നനവുതട്ടാതിരിക്കാൻ കർഷകർ പാടത്ത് തന്നെ രാപകൽ കഴിച്ചുകൂട്ടുകയാണ്. 600 ഏക്കറോളം വരുന്ന പാടശേഖരത്തിൽ 325 ഏക്കറിലാണ് വിരിപ്പു കൃഷി നടത്തിയത്.ആദ്യ കൃഷി പ്രളയത്തിൽ മുങ്ങി നശിച്ചതിനാൽ രണ്ടാമത് വിതച്ചതാണ് ഇപ്പോൾ കൊയ്‌തെടുത്തത്.ഒരേക്കറിൽ 30000 രൂപയോളം ഇക്കുറി കൃഷിയ്ക്കായി ചെലവായി.അര ഏക്കറു മുതൽ ഒരേക്കർ വരെ നിലമുള്ള 330 ഓളം നിർധന കർഷകരാണ് ഈ പാടശേഖരത്തിലുള്ളത്.ഒരു സ്വകാര്യ മില്ലും വെച്ചൂർ മോഡേൺ റൈസ് മില്ലുമാണ് ഇവിടെ നിന്നു നെല്ലു സംഭരിക്കുന്നത്. വെച്ചൂർ മോഡേൺ റൈസ് മില്ലിനു നെല്ലുസുക്ഷിക്കാൻ മതിയായ സൗകര്യമില്ലാത്തതിനാൽ നാമമാത്രമായേ നെല്ലുസംഭരിക്കാൻ കഴിയുന്നുള്ളു.പാടശേഖരത്തിനുള്ളിൽ വാഹനമെത്തിക്കാൻ വഴിയില്ലാത്തതും തോട്ടിൽ വെള്ളമില്ലാത്തതിനാൽ വള്ളത്തിലും നെല്ലെത്തിക്കാനാവുന്നില്ല. ഇതു മൂലം കർഷകർക്ക് കൂലി ഇനത്തിലും വൻതുക ചെലവാകും.കഴിഞ്ഞ വർഷത്തെ വർഷക്കൃഷിയുടെ നെൽവില 70 ശതമാനം കർഷകർക്കും ഇനിയും ലഭിച്ചിട്ടില്ല. ചില ബാങ്കുകൾ ഇക്കാര്യത്തിൽ കർഷകദ്രോഹ നയമാണ് സ്വീകരിക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു.

ഇർപ്പത്തിന്റെ പേരിൽ നെല്ല് സംഭരിക്കാതെ ഇരിക്കുകയാണ്, കഴിഞ്ഞ രണ്ടു ദിവസവും മഴ പെയ്തതിനാൽ നെല്ലിൽ നനവുതട്ടാതിരിക്കാൻ രാപക്കൽ പാടത്താണ് ഞങ്ങൾ കഴിച്ചുകൂട്ടുന്നത്. കുലിയിനത്തിൽ വൻതുക ചിലവാകും. ഏകദേശം 30000 രുപായോളം ചിലാവായിട്ടുണ്ട് ഇപ്പോൾ തന്നെ.

രാഘവൻ കർഷകൻ

നെല്ല് നനഞ്ഞ് നശിക്കുന്നതിനിടവരുത്താതെ നെല്ല് സംഭരിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണം

പൂവത്തുക്കരി പാടശേഖര സമിതി

ചെലവ്

ഒരേക്കറിൽ 30000 രൂപ

കെട്ടികിടക്കുന്നത്

250ലധികം ടൺ നെല്ല്