പൊൻകുന്നം:നിയമങ്ങൾക്കും അധികൃതരുടെ നിർദ്ദേശങ്ങൾക്കും പുല്ലുവില.പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്നത് വെല്ലുവിളിയും കയ്യാങ്കളിയും. കഴിഞ്ഞദിവസംകെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും സ്റ്റാൻഡിനുള്ളിൽ വച്ച് ഉരസിയെങ്കിലും ഭാഗ്യം കൊണ്ടാണ് യാത്രക്കാർ അപകടത്തിൽ പെടാതിരുന്നത്. ഒരേ റൂട്ടിലോടുന്ന രണ്ടു ബസുകളും സ്റ്റാൻഡിലെത്തി ബസ്‌ബേയിൽനിന്നും ആളെ എടുക്കാനുള്ള മത്സത്തിനിടെയായിരുന്നു അപകടം.സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരവും വാക്കുതർക്കവും പതിവാണ്. ഇവർ തമ്മിൽതമ്മിൽ മത്സരിക്കുമെങ്കിലും കെ.എസ്.ആർ.ടി.സിയെ എതിർക്കാൻ ശത്രുത മറന്ന് ഒറ്റക്കെട്ടാകും.സ്റ്റാൻഡിലൂടെ കടന്നുപോകുന്ന ബസ്സുകൾക്ക് ബസ്‌ബേയിൽ നിന്നും ആളെ എടുത്തു പോകുന്നതിനായി അനുവദിച്ചിട്ടുള്ളത് രണ്ടു മിനിട്ടാണ്.സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന ബസ്സുകൾ പുറപ്പെടുന്നതിന് 15 മിനിട്ട് മുമ്പ് സ്റ്റാൻഡിൽ എത്തണമെന്നുമാണ് നിയമം.ഈ സമയക്രമം പാലിക്കപ്പെടാതെ പോകുന്നതാണ് തിരക്കിനും അപകടങ്ങൾക്കും കാരണം.
കെ.എസ്.ആർ.ടി.സി.ബസ്സുകളെ ബസ്‌ബേയിൽ കയറ്റാതിരിക്കാൻ ചില സ്വകാര്യ ബസ്സുകാർ ശ്രമിക്കുമ്പോൾ ഇതേ തന്ത്രംതന്നെയാണ് കെ.എസ്.ആർ.ടി.സിയും പയറ്റുന്നത്. പ്രായമായവരും സ്ത്രീകളും കുട്ടികളും ജീവൻ പണയം വച്ചുവേണം തലങ്ങും വിലങ്ങും പായുന്ന ബസുകൾക്കിടയിലൂടെ നടന്ന് പാർക്ക് ചെയ്തിരിക്കുന്ന ബസിൽ കയറാൻ.സ്റ്റാൻഡിൽ ഡ്യൂട്ടിയിലുള്ള ഹോംഗാർഡുകളുടെ നിർദ്ദേശം ബസ് ജീവനക്കാർ അംഗീകരിക്കാറില്ല.ഇതറിയാവുന്നതുകൊണ്ടാകണം ഹോംഗാർഡുകൾ പലപ്പോഴും കാഴ്ചക്കാരായി മാറുകയാണ്.സ്റ്റാൻഡിലെ മത്സര ഓട്ടവും തോന്നുംപടിയുള്ള പാർക്കിംഗും ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.