കോട്ടയം : കൊറോണയും പനിയടക്കമുള്ള പകർച്ചവ്യാധികൾ ഉയർത്തുന്ന ഭീതിക്കിടെ അനധികൃതമായി വീട്ടിലിരിക്കുന്ന ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥിരമായി വീട്ടിലിരുത്താൻ സർക്കാർ. പകർച്ചവ്യാധി പ്രതിരോധം ഉൾപ്പെടെ ആരോഗ്യ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സ്വന്തംവകുപ്പിൽ ശുദ്ധികലശം നടത്തുന്നത്. അനധികൃതമായി അവധിയെടുത്ത 28 ഉദ്യോഗസ്ഥരെ പിരിച്ചുവിടാനാണ് നീക്കം.
ഇതിന്റെ ഭാഗമായി താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ വ്യക്തമായ കാരണം ബോധിപ്പിക്കാനായില്ലെങ്കിൽ താത്ക്കാലിക ഉത്തരവ് സ്ഥിരപ്പെടുത്തി പട്ടികയിലിടം പിടിച്ച മുഴുവൻ പേരെയും പിരിച്ചുവിടും. ലിസ്റ്റിലുള്ളവരിൽ ഏറെയും ഡോക്ടർമാരാണ്. ഹെൽത്ത് ഇൻസ്പെക്ടറും പട്ടികയിലുണ്ട്. ഫാർമസിസ്റ്റും നഴ്സുമാരും ആരും പട്ടികയിൽ ഇല്ല. മറ്റ് ജില്ലകളിൽ അനുബന്ധ തസ്തികയിലുള്ള നിരവധിപ്പേരെയാണ് പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്.
പാലാ ജനറൽ ആശുപത്രിയിലാണ് കൂടുതൽ ഡോക്ടർമാരും അവധിയിലുള്ളത്. വൈക്കം താലൂക്ക് ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഡോക്ടർമാരുമുണ്ട്. പട്ടികയിലുള്ള ഭൂരിഭാഗവും വർഷങ്ങളായി അവധിയിലാണ്. അവധികഴിഞ്ഞിട്ടും തിരികെ ജോലിയിൽ പ്രവേശിക്കാത്തവരുമുണ്ട്. വർഷങ്ങളായി അവധിയെടുത്ത് വിദേശത്ത് പോയവരും സ്വകാര്യ ആശുപത്രികളിൽ കനത്ത ശമ്പളത്തിൽ പ്രാക്ടീസ് നടത്തുന്നവരുമാണ് ഭൂരിഭാഗവും. ഇവർക്ക് സർവീസിൽ പ്രവേശിക്കാൻ രണ്ട് തവണ അവസരം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്ത്യശാസനം. പ്രൊബേഷൻ പൂർത്തിയാക്കിയ മൂന്നും പ്രൊബേഷനിലുള്ള 20ഉം ലോസ് ഒഫ് പേയിലുള്ള നാലും ഡോക്ടർമാരാണ് അവധിയെടുത്തത്.
ഡോക്ടർമാർ : 27
ഹെൽത്ത് ഇൻസ്പെക്ടർ : 1
അനധികൃത അവധി ആരോഗ്യ പ്രവർത്തനങ്ങളെ ബാധിക്കുന്നു
അവധിയിലുള്ളവർ മറ്റുള്ളവരുടെ അവസരം നഷ്ടമാക്കുന്നു
തിരികെ പ്രവേശിക്കാൻ ഒരു വർഷത്തിനുള്ളിൽ 2 അവസരം നൽകി
മറുപടി തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടി