sureksha-megala

വൈക്കം : അപകടങ്ങൾ തുടർക്കഥയായതോടെ വല്ലകം വളവ് പൊതുമരാമത്ത് വകുപ്പ് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് റോഡ് സുരക്ഷാ വിഭാഗം പരിശോധന നടത്തി പ്രത്യേക നിർദ്ദേശപ്രകാരമാണ് കൊടും വളവ് അപകടമേഖലയായി പ്രഖ്യാപിച്ചത്. സുരക്ഷയുടെ ഭാഗമായി നാല് ലക്ഷത്തിലധികം രൂപ വിനിയോഗിച്ച് വളവ് ഉൾപ്പെടുന്ന 300 മീ​റ്റർ നീളത്തിലുള്ള റോഡ് ഭാഗത്ത് അതീവ സുരക്ഷാ മേഖലയാക്കി അപകട സൂചനാ ബോർഡുകളും വേഗതാനിയന്ത്റണ ബോർഡുകളും സ്ഥാപിച്ചു.രാത്രികാലങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി തിളങ്ങുന്ന റോഡ് സ്​റ്റഡുകളും വളവുകളിൽ വാഹനങ്ങൾക്ക് കാണുന്നതിനായി 40 ഓളം ഡേലിനേ​റ്റർ പോസ്​റ്റുകളും റോഡിന് ഇരുവശങ്ങളിലുമായി സ്ഥാപിച്ചിട്ടുണ്ട്. ദൂരെ നിന്നും വരുന്ന വാഹനങ്ങൾക്ക് വളവ് അറിയിക്കുന്നതിനായി ഷെവറോൺ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ഭാഗത്തെ റോഡരികിലെ വൃക്ഷങ്ങൾ, കലുങ്ക്, ഇലട്രിക്കൽ ട്രാൻസ്‌ഫോർമർ എന്നിവയിൽ പ്രത്യേക സുരക്ഷാ ക്രമീകരണവും ഇതിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. വളവ് ഭാഗത്ത് ഇരുവശവും കോൺക്രീ​റ്റ് ചെയ്ത് ടൈൽ പാകി വീതിയും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ചെറുതും വലുതുമായ 200 ഓളം അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. വ്യത്യസ്ത അപകടങ്ങളിൽ 40 ഓളം ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും 8 പേർ മരിക്കുകയും ചെയ്തിതിട്ടുണ്ട്. കഴിഞ്ഞ മാസം വല്ലകത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് വരുന്നതിനിടെ നിയന്ത്റണം വിട്ട കാർ ഇടിച്ച് ഗുരുതരമായി പരിക്കേ​റ്റ് സൈക്കിൾ യാത്രികൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഗതാഗതതിരക്കേറിയ വൈക്കം തലയോലപ്പറമ്പ് റോഡിലെ വല്ലകം ഭാഗത്തെ കൊടും വളവ് വാഹന യാത്രക്കാർക്ക് മരണക്കെണിയാണ് ഒരുക്കിയിരുന്നത്. അപകടങ്ങളിൽ പലരും രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. കൊടിയ വളവിൽ വാഹനങ്ങൾ നേർക്ക്‌നേർ വരുമ്പോൾ മാത്രമാണ് കാണാൻ കഴിഞ്ഞിരുന്നത്. വലിയ വാഹനങ്ങൾ വേഗത്തിൽ വളവ് വീശി എടുക്കുമ്പോൾ നിയന്ത്റണം വിട്ട് ഇരുചക്രവാഹനങ്ങളാണ് അധികവും ഇവിടെ അപകടത്തിൽപ്പെടുന്നത്. കൊടിയ വളവിൽ വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണമായിരുന്നത്. ഇത്രയേറെ അപകടങ്ങൾ നടന്നിട്ടും വളവ് നിവർത്തുന്നതിനോ സുരക്ഷാസംവിധാനം ഒരുക്കുന്നതിനോ അധികൃതർ തയ്യാറാകാത്തതാണ് അപകടങ്ങൾ തുടർക്കഥയാകാൻ കാരണമെന്ന് നാട്ടുകാരുടെ ആരോപണം ശക്തമായിരുന്നു. ഇതിനിടെയാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ നടപടിയുമായി രംഗത്തെത്തിയത്. മുൻപ് അപകടത്തിൽ ഒടിഞ്ഞ് പോയതിനെ തുടർന്ന് കേടായ അപകട സൂചനാ ലൈ​റ്റുകൾ കൂടി ഉടൻ മാ​റ്റി സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. അതീവ സുരക്ഷാ മേഖലയിൽ 30 കിലോമീ​റ്റർ സ്പീഡാണ് വാഹനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. അതേ സമയം വാഹന അപകടങ്ങളിൽ നിരവധി പേരുടെ ജീവൻ പൊലിയുന്നതിനിടയാക്കുന്ന വല്ലകം വളവിന് സമീപത്തുള്ള ചാലപ്പറമ്പ് മങ്ങാട്ടുപ്പടി വളവ് നിവർത്തണമെന്നും ഇവിടം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമാണ്. കൊടും വളവിൽ അപകടങ്ങൾ വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് കേരളകൗമുദി നിരവധി തവണ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് അധികൃതർ നടപടിയുമായി രംഗത്തെത്തിയത്.

ചെലവ് 4 ലക്ഷം

സ്ഥാപിച്ചവ

അപകട സൂചനാ ബോർഡുകൾ

വേഗതാനിയന്ത്റണ ബോർഡുകൾ

തിളങ്ങുന്ന റോഡ് സ്​റ്റഡുകളും

40 ഓളം ഡേലിനേ​റ്റർ പോസ്​റ്റുകൾ

ഷെവറോൺ ബോർഡുകൾ

30 കിലോമീ​റ്റർ സ്പീഡ്

അപകടത്തിൽ ഒടിഞ്ഞ് പോയതിനെ തുടർന്ന് കേടായ അപകട സൂചനാ ലൈ​റ്റുകൾ കൂടി ഉടൻ മാ​റ്റി സ്ഥാപിക്കും പൊതുമരാമത്ത് അധികൃതർ