rd

കറുകച്ചാൽ: യാത്രക്കാർക്ക് ദുരിതമായി റോഡിലെ കുഴികൾ മാറുന്നു. സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിളുകൾ സ്ഥാപിക്കുന്നതിനായി റോഡിലെ ടാറിംഗ് ഇളക്കി നിർമ്മിച്ച കുഴികളാണ് യാത്രക്കാർക്ക് ദുരിതമാകുന്നത്. രണ്ടു മാസത്തിലേറെയായി തുറന്നു കിടക്കുന്ന കുഴികൾ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ചില കുഴികൾ താത്കാലികമായി മണ്ണിട്ട് നികത്തിയെങ്കിലും യാത്രാദുരിതം തീരുന്നില്ല. ചങ്ങനാശേരി മുതൽ മണിമല വരെയുള്ള ഭാഗങ്ങളിൽ നൂറുകണക്കിന് സ്ഥലങ്ങളിലാണ് കേബിൾ ഇടാനായി കുഴി കുത്തിയത്. രണ്ടടിയിലേറെ ആഴമുള്ള കുഴികൾ ടാറിംഗ് ഇളക്കി നടപ്പാതയോട് ചേർത്താണ് നിർമ്മിച്ചിട്ടുള്ളത്. മാണികുളം ഭാഗത്ത് ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള കുഴിയിൽ വീണ് മൂന്നു പേർക്കാണ് പരിക്കേറ്റത്. കൂടാതെ തിരക്കേറിയ കറുകച്ചാൽ ടൗണിലും അപകടങ്ങൾ പതിവാണ്. മണിമല റോഡിൽ ബസ്റ്റാൻഡിന് സമീപത്തായി നിർമ്മിച്ച കുഴിയിൽ വാഹനങ്ങളുടെ ടയറുകൾ താഴ്ന്ന് അപകടം ഉണ്ടാകുന്നതും പതിവാണ്. നിരവധി പേരാണ് കാൽവഴുതി ഇവിടെ കുഴികളിൽ വീഴുന്നത്.

 മണ്ണും അവശിഷ്ടങ്ങളും റോഡരികിൽ

കുഴികളിൽ നിന്നും എടുക്കുന്ന മണ്ണും അവശേഷിക്കുന്ന ടാറിംഗിന്റ പാളികളും റോഡരികിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിനാൽ യാത്രക്കാർക്ക് സുഗമായി സഞ്ചരിക്കാൻ കഴിയുന്നില്ല. പൊതുമരാമത്തുവകുപ്പിന്റ അനുമതിയോടെയാണ് നിർമ്മാണമെങ്കിലും ഇത് പൂർത്തിയാക്കാൻ ഏറെ കാലതാമസം ഉണ്ടാകുന്നുണ്ട്. ഏതാനും നാളുകൾക്ക് മുൻപ് ഇത്തരത്തിൽ കുത്തിപൊളിച്ച ടാറിങ് പലയിടത്തും പുനർനിർമ്മിച്ചിട്ടില്ല. സമീപ കാലത്തായി ഉന്നത നിലവാരത്തിൽ നിർമ്മിച്ച റോഡാണ് കുത്തിപൊളിച്ചത്. അപകടാവസ്ഥയിലുള്ള കുഴികൾ മണ്ണിട്ട് മൂടി എത്രയും വേഗം ടാർ ചെയ്ത് റോഡ് നന്നാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.