കോട്ടയം : കടുത്ത തൊണ്ടവേദനയുമായി ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ യുവാവിനെ അപമാനിച്ച് വനിതാ ഡോക്ടർ. മറ്റുള്ള രോഗികൾ നോക്കി നിൽക്കെ അപമാനിക്കുകയും, പരിഹസിച്ച് സംസാ‌രിക്കുകയും ചെയ്‌തതായാണ് പരാതി. വെള്ളിയാഴ്‌ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. അസഹ്യമായ തൊണ്ട വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് മുട്ടമ്പലം സ്വദേശിയായ യുവാവ് ജനറൽ ആശുപത്രിയിൽ എത്തിയത്. രാത്രിയായതിനാൽ അത്യാഹിത വിഭാഗത്തിൽ മാത്രമാണ് ഡോക്ടറുണ്ടായിരുന്നത്. ഒ.പി ടിക്കറ്റെടുത്ത് ഒരു മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് ഡോക്ടറുടെ അടുത്ത് എത്തിയത്. തൊണ്ടവേദനയാണെന്ന് പറഞ്ഞതോടെ ഡോക്ടർ ക്ഷുഭിതയാകുകയായിരുന്നു. ഇതിനൊക്കെ ഇവിടെയാണോ വരുന്നതെന്നു ചോദിച്ച ഡോക്ടർ പിന്നീട് ആശുപത്രിയിൽ എത്താൻ നിർദ്ദേശിക്കുകയായിരുന്നു. ഇത്തരക്കാർക്ക് ചികിത്സ നൽകുമ്പോൾ, നിങ്ങളുടെ വീട്ടിലുള്ള ഒരാൾ ഗുരുതരാവസ്ഥയിൽ എത്തിയാൽ എന്തു ചെയ്യുമെന്നായിരുന്നു ഡോക്ടറുടെ ചോദ്യം.

യുവാവ് തന്റെ ഗുരുതരാവസ്ഥ ബോദ്ധ്യപ്പെടുത്തിയതോടെ മനസില്ലാമനസോടെയാണ് ഡോക്ടർ പരിശോധിക്കാനും മരുന്ന് നൽകാനും തയ്യാറായത്. ജനറൽ ആശുപത്രിയിൽ രാത്രിയിൽ ചെറിയ പനിയും അസ്വസ്ഥതയുമായി എത്തുന്നവർക്ക് നേരിടേണ്ടി വരുന്നത് സമാന അനുഭവമാണെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. ഡോക്ടറുടെ ഭാഗത്തു നിന്നുമുണ്ടായ മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് യുവാവ്.