കോട്ടയം : വേമ്പനാട്ടുകായലിൽ ഹൗസ് ബോട്ടിൽ മാത്രം ചുറ്റിത്തിരിഞ്ഞ ടൂറിസം ഇനി ചെറു ബോട്ടുകളിലും വള്ളങ്ങളിലുമായി കോട്ടയത്തെ നഗരങ്ങളെയും ഗ്രാമങ്ങളെയും വട്ടംചുറ്റി ഒഴുകുന്ന ആറുകളിലേക്കും തോടുകളിലേക്കും നീളുന്നു. കായൽ ടൂറിസം സഞ്ചാരികൾക്ക് മടുത്തു തുടങ്ങിയതോടെയാണ് ആറുകളും പുഴകളും അടുത്തറിയാൻ കഴിയുന്ന പുതിയ ഗ്രാമീണ ടൂറിസം ആലോചനയായത്.

ഇതിന്റെ ഭാഗമായി മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർസംയോജനപദ്ധതിയുടെ നേതൃത്വത്തിൽ വീണ്ടെടുത്ത പുഴകളെയും പാടങ്ങളെയും കോർത്തിണക്കിയുള്ള പുതിയ ജലടൂറിസം പദ്ധതിയ്ക്ക് പനച്ചിക്കാട് പടിയറക്കടവിൽ തുടക്കമായി. ഇനി അമ്പാട്ടുകടവ്, മലരിക്കൽ, പുതുപ്പള്ളി മൂവാറ്റുമുക്ക്,മണർകാട്, ഈരയിൽ കടവ് ,കൊല്ലാട് കളത്തിൽ കടവ്,നീറിക്കാട് തണലോരം, നാലുമണിക്കാറ്റ് തുടങ്ങിയ ഇടങ്ങളിലേക്ക് നീളും. നാടൻ കലാരൂപങ്ങളും ,വിവിധ കലാ-സാംസ്കാരിക പരിപാടികളും നാട്ടുരുചികളുൾപ്പെടുന്ന ഭക്ഷ്യമേളയും, കുട്ടികൾക്കുള്ള കളിസ്ഥലവും ജലടൂറിസം മേളയുടെ പ്രത്യേകതയാണ്.

മീനച്ചിലാറും അനുബന്ധ നദീ പ്രവാഹങ്ങളും മൂവായിരം കിലോമീറ്ററാണ് പിന്നിടുന്നത്. മാലിന്യം നിറഞ്ഞ് അടഞ്ഞുകിടന്ന തോടുകളിൽ 1450 മീറ്റർ വീണ്ടെടുത്ത് 5000 ഏക്കർ തരിശുനിലങ്ങൾ കതിരണിയിച്ചു. ഏക്കറു കണക്കിന് കൈയേറ്റം തിരിച്ച് പിടിക്കാനുമായി. സർക്കാർ സഹായത്തിന് പുറമെ ജനകീയ കൂട്ടായ്മയിലൂടെ ഒന്നരക്കോടിയോളം രൂപ പൊതുജനങ്ങളിൽ നിന്ന് സമാഹരിക്കാനായത് ജനപങ്കാളിത്തത്തിനും തെളിവായി.

ധനമന്ത്രിയുടെ അഭിനന്ദനം

മീനച്ചിലാർ മീനന്തറയാർ പുനരുജ്ജീവന പ്രവർത്തനം ഉജ്വല മാതൃകയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ബഡ്ജറ്റിൽ 20 കോടിയാണ് ധനമന്ത്രി തോമസ്ഐസക്ക് പ്രഖ്യാപിച്ചത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണവുമായി ബന്ധിപ്പിച്ചതിന് ദേശീയ അംഗീകാരവും ലഭിച്ചിരുന്നു. 700 കിലോമീറ്റർ തോടുകളാണ് തൊഴിലുറപ്പിലൂടെ വീണ്ടെടുത്തത്. മൂന്ന് പഞ്ചായത്തുകളിലും കോട്ടയം നഗരസഭയിലും ഒതുങ്ങിയിരുന്ന പദ്ധതി ഇപ്പോൾ 34 പഞ്ചായത്തുകളിലേക്കും നാല് നഗരസഭകളിലേക്കും വ്യാപിപ്പിച്ചാണ് ധനമന്ത്രിയുടെ അഭിനന്ദനം പിടിച്ചുപറ്റിയത്.

''

പുഴ തെളിച്ച് വൃത്തിയാക്കി ഒഴുക്കുള്ള ഇടങ്ങളിലൂടെയുള്ള യാത്രയിൽ നാടിന്റെ സംസ്കാരം തൊട്ടറിയാനാകും. ചതുപ്പ് സ്ഥലങ്ങളും തരിശുഭൂമിയും നെൽകൃഷിയിടമാക്കി മാറ്റിയത് അനുഭവിച്ചറിയാനാകും. വേമ്പനാട്ട് കായലിൽ നിന്ന് കിട്ടുന്നതിലുംവലിയ അനുഭവമായിരിക്കും ലഭിക്കുക.

അഡ്വ. കെ.അനിൽകുമാർ,മീനച്ചിൽ - മീനന്തറയാർ -

കൊടൂരാർ പുനർസംയോജനപദ്ധതി കോ-ഓർഡിനേറ്റർ