ilyas

കോട്ടയം : ആഡംബര കാറുകൾ മോഷ്ടിച്ച് തമിഴ്‌നാട്ടിലെ നിരോധിത ഭീകര സംഘടനയായ അൽ ഉമ്മയ്ക്ക് എത്തിച്ച് നൽകിയ രണ്ട് യുവാക്കൾ പിടിയിലായി. തൃശൂർ വാടനപ്പള്ളി ഗണേശമംലഗം പുത്തൻവീട്ടിൽ ഇല്യാസ് (37), ആലുവ യു.സി കോളേജ് ചെറിയംപറമ്പിൽ വീട്ടിൽ കെ.എ നിഷാദ് (37) എന്നിവരെയാണ് വെസ്റ്റ് സി.ഐ എം.ജെ. അരുൺ അറസ്റ്റ് ചെയ്‌തത്.

ഒരു വർഷത്തിനിടെ 11 കാറുകൾ തട്ടിയെടുത്ത് അൽഉമ്മ നേതാവും, കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതിയുമായ മുഹമ്മദ് റഫീഖിന് എത്തിച്ചു നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ഇയാളെ കഴിഞ്ഞ വർഷം എൻ.ഐ.എ അറസ്റ്റ് ചെയ്‌തിരുന്നു.

സോഷ്യൽമീഡിയ സൈറ്റുകളിൽ കാറുകൾ വാടകയ്‌ക്ക് എന്ന പരസ്യങ്ങളിൽ ബന്ധപ്പെട്ട് മൂന്നുമാസം വാടകയ്‌ക്ക് കാർ എടുക്കും. വ്യാ‌ജ തിരിച്ചറിയൽ രേഖകളും പതിനായിരം രൂപ വരെ അഡ്വാൻസും നൽകിയാണ് വാഹനം സംഘടിപ്പിച്ചിരുന്നത്. കാറുമായി പോയ ശേഷം ഇവരുടെ നമ്പരിൽ വിളിച്ചാൽ പ്രതികരണം ഉണ്ടാകില്ല.

നാലു മാസം മുൻപ് കോട്ടയം സ്വദേശിയുടെ കാർ സമാന രീതിയിൽ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. ജില്ലാ പൊലീസ് മേധാവി എസ്.ജയദേവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡിനായിരുന്നു അന്വേഷണം.

അന്വേഷണം എൻ.ഐ. എയ്ക്ക് വിട്ടേക്കും

പത്തു വർഷത്തോളം വിദേശത്തായിരുന്ന ഇല്യാസ് മടങ്ങിയെത്തിയ ശേഷമാണ് തട്ടിപ്പ് തുടങ്ങുന്നത്. തൃശൂർ വെസ്റ്റ്, ഈസ്റ്റ്, വിയ്യൂർ, എറണാകുളം സെൻട്രൽ സ്റ്രേഷനുകളിൽ ഇയാൾക്കെതിരെ തട്ടിപ്പ്, മോഷണക്കേസുകളുണ്ട്. മംഗലാപുരത്തും മോഷണക്കേസ് നിലവിലുണ്ട്. നിഷാദ് വയനാട് ബെത്തേരിയിൽ കുഴൽപ്പണം അച്ചടിച്ച കേസിലും, തൃശൂർ ചേലക്കരയിൽ വഞ്ചനാ കേസിലും പ്രതിയാണ്. കോയമ്പത്തൂർ ബോംബ് സ്ഫോടനത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ 86 വാഹനങ്ങൾ സംഘം തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ തുടരന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറിയേക്കും.

മോഷ്‌ടിച്ച വാഹനങ്ങൾ

എറണാകുളത്ത് നിന്ന് ബി.എം.ഡബ്യു, എർട്ടിഗ

കോഴിക്കോട് ടൗണിൽ നിന്ന് ഇന്നോവ ക്രിസ്റ്റ

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് എർട്ടിഗ

എറണാകുളം മരട് നിന്ന് ബലേനോ

മലപ്പുറം അങ്ങാടിപ്പുറത്ത് നിന്ന് എർട്ടിഗ

 നെടുമ്പാശേരിയിൽ നിന്ന് ഇന്നോവ

കോട്ടയത്ത് നിന്ന് ഇന്നോവ

വർക്കല ഭാഗത്ത് നിന്ന് എസ്.യു.വി

തൃശൂർ മാളയിൽ നിന്ന് ബുള്ളറ്റ്

 കണ്ണൂർ ഭാഗത്ത് നിന്ന് ഇന്നോവ