'അവനിട്ടൊക്കെ അടി കൊടുക്കണം അല്ലെങ്കിൽ ഒരാഴ്ചത്തെ ശമ്പളം കട്ടു ചെയ്യണമെന്ന് ' രോഷത്തോടെ നാട്ടുകാർ ...

വേനൽ ശക്തമായി കുടിവെള്ളത്തിന് ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ പലയിടത്തും പൊട്ടിയ പൈപ്പുകൾ നന്നാക്കാൻ തയ്യാറാകാതെ മെല്ലെപ്പോക്ക് തുടരുന്ന വാട്ടർഅതോറിട്ടി ഉദ്യോഗസ്ഥരുടെ കരണത്ത് രണ്ട് പൊട്ടിക്കണമെന്ന് രോഷത്തോടെ പറഞ്ഞു പോവുകയാണ് ചുറ്റുവട്ടത്തുള്ളവർ. കോട്ടയം നഗരമദ്ധ്യത്തിൽ ചന്തക്കടവിൽ പ്രധാന ഇരുമ്പ് പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നുവെന്ന വാർത്ത അച്ചടി ,ദൃശ്യമാദ്ധ്യമങ്ങളിൽ വന്ന് ഒരാഴ്ച കഴിഞ്ഞിട്ടാണ് വാട്ടർ അതോറിറ്റി ജീവനക്കാർ ഒന്നനങ്ങി പൈപ്പ് നന്നാക്കാനെത്തിയത്.

ഒരുന്നത ഉദ്യോഗസ്ഥൻ ആദ്യ ദിവസം വന്നു നോക്കി പോയതല്ലാതെ നടപടി ഉണ്ടായില്ല. ഒരാഴ്ച കഴിഞ്ഞതോടെ സഹികെട്ട് കളക്ടർക്ക് പരാതി നൽകി. കളക്ടർ ഉടൻ ചീഫ് എൻജിനിയറുമായി സംസാരിച്ചു. വൈകുന്നേരത്തിനകം നന്നാക്കാമെന്ന് ഉറപ്പു നൽകിയിട്ടും ഒരു ദിവസം കൂടി കഴിഞ്ഞാണ് എത്തിയത്. ഇതിനിടയിൽ ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴായത്. ഉപയോഗിക്കാത്ത വെള്ളത്തിന് വരെ വില ഈടാക്കുന്ന അധികൃതരിൽ നിന്ന് പൈപ്പ് പൊട്ടി ഒരാഴ്ച പാഴായിപ്പോയ വെള്ളത്തിന്റെ പണം ഈടാക്കുകയോ അതല്ലെങ്കിൽ ഒരാഴ്ചത്തെ ശമ്പളം പിടിക്കുകയോ വേണമെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്.

കമ്മിഷൻ പറ്റി പലരും വാങ്ങി കൂട്ടിയ പൈപ്പുകളാണ് നിരന്തരം പൊട്ടുന്നത്. ചന്തക്കടവിൽ പൊട്ടിയത് ഓടയോട് ചേർന്നുള്ള വലിയ ഇരുമ്പു പൈപ്പാണ്. റോഡ് വെട്ടിപ്പൊളിച്ച് ജാംബവാന്റെ കാലത്തെ പൈപ്പ് കണ്ടെത്തുന്ന ജോലി ആവശ്യമില്ലായിരുന്നു. പൊട്ടിയ ഭാഗം മുറിച്ചുമാറ്റി ജോയിന്റ് ചെയ്യുക വലിയ ജോലിയുമല്ല. എന്നിട്ടും പണി തുടങ്ങാൻ ഒരഴ്ച എടുത്തുവെന്നത് വാട്ടർഅതോറിട്ടി ഉദ്യോഗസ്ഥരുടെ 'ശുഷ്കാന്തിക്ക്' തെളിവായി. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ജീവനക്കാർക്കും ശമ്പളം നൽകുന്നത്. കുടിവെള്ളവിതരണം അത്യാവശ്യ സർവീസായതിനാൽ ഹർത്താൽ പ്രഖ്യാപനത്തിൽ വരെ വാട്ടർഅതോറിട്ടിയെ ഒഴിവാക്കാറുണ്ട്. എന്നിട്ടും പൈപ്പ് പൊട്ടിയത് അടിയന്തിരമായി നന്നാക്കേണ്ടവർ ഒരാഴ്ച നീട്ടിക്കൊണ്ട് പോയതിന് എന്തു ന്യായീകരണമാണ് പറയാനുള്ളത്. സാങ്കേതിക വിദ്യ ഏറെ വികസിച്ചു വൈദ്യുതി ബോർഡ് പഴയ കമ്പി മാറ്റി ഭൂഗർഭ ലൈനിലേക്കുംകേബിൾ വയറിലേക്കും മാറുമ്പോൾ വാട്ടർഅതോറിട്ടിക്ക് മാത്രം ഇന്നും തൂമ്പയും ചട്ടിയുമാണ് പണി ആയുധം. മണ്ണിനടിയിൽ പൊട്ടിയ പൈപ്പ് എവിടെന്ന് കണ്ട് പിടിക്കണമെങ്കിൽ റോഡ് വെട്ടിപ്പൊളിച്ചു നോക്കണം. സ്വകാര്യ കേബിൾ കമ്പനിക്കാരുടെ സ്കാനർ സംവിധാനത്തെക്കുറിച്ചൊന്നും അവർ കേട്ടിട്ട് പോലുമില്ല.

ഏത് അറ്റകുറ്റപ്പണിക്കും കരാർ കൊടുക്കുകയാണ്. കരാറുകാരാകട്ടെ പൈപ്പ് പൊട്ടൽ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെ പത്ത് കാശുണ്ടാക്കാനുള്ള കൂട്ടു കച്ചവടമാക്കുകയാണ്. പൈപ്പ് പൊട്ടിയത് അറിയിക്കാൻ ഫോൺ വിളിച്ചാൽ എടുക്കാൻ ഒരുത്തനുമുണ്ടാകില്ല. ആരെങ്കിലും എടുത്തുള്ള മറുപടി കേട്ടാലോ ഓട്ടോ പിടിച്ച് ചെന്ന് അടികൊടുക്കേണ്ട മറുപടിയാകും കിട്ടുക. കെഎസ് ഇ.ബി ക്ക് കാലോചിതമായ എന്തു മാറ്റമാണുണ്ടായത് അടിയന്തിര സാഹചര്യം നേരിടുന്ന കാര്യത്തിൽ അവരെ വാട്ടർഅതോറിട്ടി കണ്ടുപഠിക്കണം. ഒരാഴ്ച വരെയൊക്കെ വെള്ളം പാഴായി പോകുന്നത് കണ്ടാൽ അതോറിട്ടിക്കാരന് ഒന്നും തോന്നില്ലായിരിക്കും. നാട്ടുകാരുടെ അവസ്ഥ അങ്ങനെയല്ല. സഹികെട്ട് അവർ പ്രതികരിക്കും. അത് എങ്ങനെ ആയിരിക്കുമെന്നു പ്രവചിക്കാൻ കഴിയില്ല....