ചങ്ങനാശേരി: പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തൈപ്പൂയാഘോഷം ഭക്തിനിർഭരമായ ചടങ്ങുകളോടെ ഇന്നലെ സമാപിച്ചു. കിഴക്കും ഭാഗം കാവടിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചകഴിഞ്ഞ് മാരണത്തുകാവ് ദേവീക്ഷേത്രത്തിൽ നിന്നു കാവടിഘോഷയാത്ര നടന്നു. തൃപ്പൂണിത്തുറക്കാവടി, തൃശ്ശൂർക്കാവടി, പെരുമ്പാവൂർക്കാവടി, ചോറ്റിക്കാവടി, പീലിക്കാവടി, കരകം, മയിലാട്ടം, നാഗനൃത്തം,മയൂരനൃത്തം, അർജ്ജുനനൃത്തം, കണ്ണൂർതെയ്യം, ഭൂതവുംതിറയും, കെട്ടുകാള, തുടങ്ങിയ കലാരൂപങ്ങൾ,50ൽ അധികം കലാകാരന്മാർ അണിനിരന്ന പഞ്ചവാദ്യം,പമ്പമേളം,നാദസ്വരം, മയിലാട്ടം എന്നിവ കാവടി ഘോഷയാത്രയ്ക്ക് മിഴിവേകി. പടിഞ്ഞാറ്റുംഭാഗം വകയായി വൈകിട്ട് വിശേഷാൽ ദീപാരാധനയും പടിഞ്ഞാറെ നടയിൽ പമ്പമേളവും നാദസ്വരമേളവും ഒരുക്കി. കാവടി ഘോഷയാത്ര പെരുന്ന പടിഞ്ഞാറ് ശ്രീവാസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നിന്നു പനച്ചിക്കാവ് ദേവീക്ഷേത്രസന്നിധിയിലെത്തിയശേഷം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെത്തിച്ചേർന്നു. ഇരുകരക്കാരും എത്തിയതോടൂകൂടി ഗജമേളയും നടന്നു. ഉച്ചക്ക് ആനയൂട്ടുമുണ്ടായിരുന്നു. പെരുന്ന പടിഞ്ഞാറ് ശ്രീവാസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നിന്നു കുട്ടികളുടെ കാവടിയും, ഉച്ചയ്ക്ക് കാവടിയാട്ടവും ആരംഭിച്ചു. കരകം തൃപ്പൂണിത്തുറക്കാവടി, ആട്ടക്കാവടി,മയിലാട്ടം, പീലിക്കാവടി,ക്ഷേത്രകലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടുകൂടി പടിഞ്ഞാറെ ആൽത്തറയ്ക്ക് മുന്നിൽ ആൽത്തറമേളം ദീപാരാധനയും നടന്നു. കിഴക്കുംഭാഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ ഒൻപതിന് കീഴ്ക്കുളങ്ങര ശ്രീമഹാദേവക്ഷേത്രത്തിൽ നിന്നും കുട്ടികളുടെ കാവടി ആരംഭിച്ചു. ഉച്ചകഴിഞ്ഞ് മൂന്നുമുതൽ കാവടിയാട്ടം പെരുന്ന മാരണത്തുകാവ് ദേവീക്ഷേത്രത്തിൽ നിന്നും പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലേയ്ക്ക് തൃപ്പൂണിത്തുറക്കാവടി, തൃശ്ശൂർക്കാവടി, പെരുമ്പാവൂർക്കാവടി, ചോറ്റിക്കാവടി, പീലിക്കാവടി, കരകം, മയിലാട്ടം, നാഗനൃത്തം, മയൂരനൃത്തം, അർജ്ജുനനൃത്തം,കറക്ക് കാവടി തുടങ്ങിയവ കാവടിഘോഷയാത്രയ്ക്ക് കൊഴുപ്പേകി. തുടർന്ന് ക്ഷേത്രത്തിൽ ചെണ്ടമേള മത്സരം, കാവടി അഭിഷേകം എന്നിവയും നടന്നു. പെരുന്നയിൽ ദേശനാഥനെ വരവേല്ക്കാനായി വീഥികളുടെ ഇരുവശങ്ങളിലും സമീപത്തെ കെട്ടിടത്തിലും നിരവധി ഭക്തർ അണിനിരന്നിരുന്നു.