പാലാ: ആനന്ദ ഷൺമുഖ സന്നിധിയിൽ കീർത്തനങ്ങൾ ആലപിക്കാൻ മാത്രമായി ആഹ്ലാദപൂർവ്വം ഇത്തവണയും ലണ്ടനിൽ നിന്നു പറന്നെത്തി വെട്ടത്ത് വി. എസ്. സുധാകരൻ. ഇടപ്പാടി ക്ഷേത്രത്തിൽ കൊടിയേറ്റ് നാൾ മുതൽ ഇന്നലെ ആറാട്ട് നാളിൽ വരെ സുധാകരന്റെ നേതൃത്വത്തിലുള്ള ' ഷൺമുഖ പ്രിയ ' ഭജന സമിതിയാണ് ഭജന പാടിയത്. ഒന്നര മണിക്കൂറോളം നീളുന്ന ഭജന ഓരോ ഉത്സവനാളിലും സുധാകരൻ ഷൺമുഖ സന്നിധിയിൽ വഴിപാടായി സമർപ്പിക്കുകയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ലണ്ടനിൽ ഉന്നത ജോലി നോക്കുന്ന ഇദ്ദേഹം തന്റെ ജീവിതാ ഉയർച്ചയ്‌ക്കെല്ലാം പിന്നിൽ ഇടപ്പാടി ഭഗവാനാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. അതു കൊണ്ടു തന്നെ ഉത്സവ വേദിയിലെ ഭജന ഇദ്ദേഹം മുടക്കാറേയില്ല. ചെറുപ്പത്തിലെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുള്ള സുധാകരൻ നല്ലൊരു ഗായകനുമാണ്. ഇടപ്പാടി ക്ഷേത്രത്തിനു തൊട്ടടുത്തു തന്നെയാണ് സുധാകരന്റെ വീടും. നാട്ടുകാർക്കും, സുഹൃത്തുക്കൾക്കുമിടയിൽ 'ലണ്ടൻ സുധാകരനെന്നും, സുധാകരൻ മാഷ് ' എന്നും അറിയപ്പെടുന്ന ഇദ്ദേഹം ലണ്ടനിൽ ജോലി കിട്ടി പോകും മുമ്പ് ഇടപ്പാടിയിൽ നൂറു കണക്കിനു കുട്ടികൾ പഠിച്ചിരുന്ന വിദ്യാ പാരലൽ കോളജ് പ്രിൻസിപ്പലായിരുന്നു. ഇപ്പോൾ കുടുംബസമേതം ലണ്ടനിലാണ് താമസം. ഭാര്യ ഷീബ നേഴ്‌സാണ് . വിദ്യാർത്ഥികളായ ശ്രീനന്ദനയും, ശ്രീലക്ഷ്മിയുമാണ് മക്കൾ. ഭജനയിൽ സുധാകരന് അകമ്പടിയൊരുക്കാൻ മുരിങ്ങയിൽ മുരളി, ഹരിദാസ് കാനാട്ട്, ജീവാ.ബി. കാനാട്ട്, ബൈജു എന്നിവരുമുണ്ടായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ലണ്ടനിലേക്ക് സുധാകരൻ മടങ്ങും; അടുത്ത കൊടിയേറ്റ് നാളിൽ തീർച്ചയായും വരാമെന്ന് ഷൺമുഖ ഭഗവാന് പ്രാർത്ഥന നേർന്ന്.