കോട്ടയം: നഗരത്തിന്റെ ചിരകാല സ്വപ്‌നമായ ഈരയിൽക്കടവ് റോഡ് ഗതാഗതത്തിനായി തുറന്നു നൽകി. നഗരത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന, ഗതാഗതക്കുരുക്കഴിക്കുന്ന ബൈപ്പാസാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ മുൻകൈ എടുത്ത് ബൈപ്പാസിന്റെ ഒട്ടുമിക്ക നിർമ്മാണങ്ങളും പൂർത്തിയാക്കിയത്. എന്നാൽ ബൈപ്പാസിന്റെ അവസാന ഘട്ടം പൂർത്തിയായത് നാലു വർഷം കഴിഞ്ഞാണ്. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഫണ്ടിൽ നിന്നും നൽകിയ തുക ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
ഇന്നലെ മണിപ്പുഴ ജംഗ്‌ഷനിൽ നടന്ന യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ റോഡ് ഉദ്ഘാടനം ചെയ്‌തു. നഗരസഭാദ്ധ്യക്ഷ ഡോ.പി.ആർ സോന, ഉപാദ്ധ്യക്ഷ സൂസൻ കുഞ്ഞുമോൻ, നഗരസഭാംഗങ്ങളായ എം.പി സന്തോഷ് കുമാർ , എസ്.ഗോപകുമാർ, ടിനോ കെ.തോമസ്, ബിന്ദു സന്തോഷ്‌കുമാർ, ടിന്റു ജിൻസ്, സിബി ജോൺ കൊല്ലാട്, റോയി മാത്യു, എസ്.രാജീവ് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളത്തിനു ശേഷം, രണ്ടര കിലോമീറ്റർ ദൂരം നാട്ടുകാർക്കൊപ്പം കാൽനടയായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എയും നടന്നു. റോളർ സ്‌കേറ്റിംഗുമായി വിദ്യാർത്ഥികളുടെ സംഘവും ചെണ്ടമേളവുമായി മേളക്കാരും മുന്നിലുണ്ടായിരുന്നു. ഇതിനു പിന്നിലാണ് നാട്ടുകാരും നേതാക്കളും അണിനിരന്നത്.