വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിൽ വ്രതശുദ്ധിയോടെ എത്തിയ നൂറ് കണക്കിന് ഭക്തർ കാവടിയാടി അഭിഷേകം നടത്തി. വിവിധ കേന്ദ്രങ്ങളിലെ കാവടി സമാജങ്ങളുടെ നേതൃത്വത്തിൽ പാൽക്കാവടി, ഭസ്മക്കാവടി, പഞ്ചാമൃതക്കാവടി, പൂക്കാവടി, നിലക്കാവടി, വർണ്ണകാവടി എന്നിവ മേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത് ഭക്തിയുടെ വർണ്ണകാഴ്ചയായി. വൈക്കത്തപ്പന്റെ പാൽക്കാവടി പുലർച്ചെ 5 ന് ശ്രീകോവിൽ നടയിൽ വച്ച് പൂജ ചെയ്ത ശേഷം ഉദയനാപുരം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ഉദയനാപുരത്തപ്പന്റെ ശ്രീകോവിലിൽ വൈക്കത്തപ്പന്റെ പാൽക്കാവടി ആദ്യം അഭിഷേകം ചെയ്തു. വൈക്കം ദേവസ്വത്തിന്റെ ഔദ്യോഗിക ചടങ്ങായിരുന്നു ഉദയനാപുരത്തപ്പന്റെ പാൽക്കാവടി. നാഗസ്വരവും, ചെണ്ടമേളവും അകമ്പടിയായി. വൈക്കം സമൂഹത്തിന്റെ പഞ്ചാമൃതക്കാവടി സമൂഹം ഹാളിൽ പൂജ ചെയ്ത് കുംഭങ്ങൾ നിറച്ച ശേഷം വൈക്കം ക്ഷേത്രത്തിൽ എത്തി ദർശനം നടത്തി പ്രദക്ഷിണം വച്ച് ഉദയനാപുരത്തേക്ക് പുറപ്പെട്ടു. പി. ബാലചന്ദ്രൻ, കെ. സി. കൃഷ്ണമൂർത്തി, സുബ്രഹ്മണ്യൻ, പി. വി. രാമനാഥൻ, ശിവരാമകൃഷ്ണൻ, കണിച്ചേരിമഠം ബാലുസ്വാമി എന്നിവർ നേതൃത്വം നൽകി. അഖില കേരള വിശ്വകർമ്മ മഹാസഭ ഉദയനാപുരം 1127 ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഉദയനാപുരം ക്ഷേത്രത്തിലേക്ക് പാൽക്കാവടി ഘോഷയാത്ര നടത്തി. ശാഖാമന്ദിരത്തിൽ കാവടിപൂജ നടത്തി കുംഭങ്ങൾ നിറച്ചു. ശാഖാ പ്രസിഡന്റ് എസ്. കൃഷ്ണൻ, സെക്രട്ടറി രതീഷ്, ബാബു, അനിൽകുമാർ, ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ശ്രീ ഷൺമുഖ വിലാസം കാവടി സമാജത്തിന്റെ നേതൃത്വത്തിലുള്ള കാവടികൾ ഭാരത് ഇൻസ്റ്റിറ്റിയൂട്ടിൽ പൂജകൾ നടത്തി വൈക്കം ക്ഷേത്രത്തിലേക്ക് പുറപ്പെട്ട് ദർശനം നടത്തി പ്രദക്ഷിണം വച്ച ശേഷം ഉദയനാപുരം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ, വാദ്യമേളങ്ങൾ എന്നിവ ഭംഗി പകർന്നു. കെ. എം. സോമശേഖരൻ നായർ, അജിത്ത് ബാബു, വി. മഹേഷ്, ജയശങ്കർ എന്നിവർ നേതൃത്വം നൽകി. ഉദയനാപുരം കാവടി സമാജത്തിന്റെ നേതൃത്വത്തിലുള്ള കാവടികൾ വൈക്കം ക്ഷേത്രത്തിൽ മേൽശാന്തി നാരായണൻ നമ്പൂതിരി യുടെ മുഖ്യ കാർമ്മികത്വത്തിൽ പൂജകൾ നടത്തി കുംഭങ്ങൾ നിറച്ച ശേഷം ഉദയനാപുരം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.