വൈക്കം: എസ്. എൻ. ഡി. പി. വാഴേകാട് 642 ാം നമ്പർ ശാഖയുടെ കീഴിലുള്ള ശ്രീനാരായണ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി എ. കെ. മുരളീധരൻ കൊടിയേറ്റി. മേൽശാന്തി അജി സഹകാർമ്മികനായി. കൊടിയേറ്റാനുള്ള കൊടിമരം, കൊടിക്കൂറ, കൊടിക്കയർ എന്നിവ വിവിധ കേന്ദ്രങ്ങളിൽ നിന്ന് രാവിലെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റിനു ശേഷം പ്രധാന ചടങ്ങായ മഹാപ്രസാദഊട്ട് നടത്തി. ക്ഷേത്രം പ്രസിഡന്റ് എൻ. കെ. പങ്കാജാക്ഷൻ, വൈസ് പ്രസിഡന്റ് കെ. രാജു, സെക്രട്ടറി പി. എൻ. വിജയൻ, സി. എൻ. മോഹനൻ, രാജൻ, മഹേശ്വരൻ, രജീഷ് എന്നിവർ നേതൃത്വം നൽകി. വൈകിട്ട് 1124 ാം നമ്പർ എസ്. എൻ. ഡി. പി. വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ചാത്തനാട്ടു ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി പുറപ്പെട്ടു.