കോട്ടയം : തമിഴ്‌നാട്ടിൽ നിന്ന് കല്ലട ബസിൽ കടത്തിക്കൊണ്ടു വന്ന പത്തുകിലോ കഞ്ചാവുമായി സേലം സുരമംഗലം ഒന്നാം സ്ട്രീറ്റിൽ മാണികവസാഗർ എസ്.ഡി കോപ്ലക്‌സിൽ ശങ്കർ ഗണേഷിനെ (44) എക്‌സൈസ് പിടികൂടി. ഇന്നലെ രാവിലെ ആറരയോടെ കോടിമത എം.ജി റോഡിന് സമീപമായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് വൻ തോതിൽ എത്തിച്ച് കോടിമതയിൽ മൊത്തക്കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതായി എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡും, ഇന്റലിജൻസ് വിഭാഗവും, സ്‌പെഷ്യൽ സ്‌ക്വാഡും സംയുക്തമായി പ്രദേശത്ത് രഹസ്യനിരീക്ഷണം നടത്തി വരികയായിരുന്നു.
ഇതിനിടെയാണ് ഇന്നലെ പുലർച്ചെ ശങ്കർ കഞ്ചാവുമായി എത്തിയത്. കഴിഞ്ഞ ദിവസം പിടിയിലായ കഞ്ചാവ് വില്പനക്കാരിൽ നിന്ന് എക്സൈസ് സംഘത്തിനു ഇത് സംബന്ധിച്ചുള്ള വിവരം ലഭിച്ചിരുന്നു. ഇന്നലെ രാവിലെ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ശങ്കറിനെ സർക്കിൾ ഇൻസ്‌പെക്ടർമാരായ ആർ.രാജേഷ്, ടി.വി ദിവാകരൻ, എക്‌സൈസ് ഇന്റലിജൻസ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ എൻ.വി സന്തോഷ്, പ്രിവന്റീവ് ഓഫീസർമാരായ സി.ആർ രമേശ്, ടി.അജിത്ത്, ഫിലിപ്പ് തോമസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗിരീഷ് കുമാർ, കെ.എൻ സുരേഷ്‌കുമാർ, എം.അസീസ്, കെ.എൻ അജിത്കുമാർ, പി.പി പ്രസാദ്, ആർ.എസ് നിധിൻ, ഡ്രൈവർ മനീഷ്‌കുമാർ എന്നിവർ ചേർന്ന് പ്രതിയെ വളഞ്ഞു.
രണ്ടുകിലോ വീതമുള്ള അഞ്ചു പൊതികളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. കോട്ടയത്ത് എത്തുമ്പോൾ സിൽവർ നിറത്തിലുള്ള ഇന്നോവ എത്തുമെന്നും ഇതിൽ കയറണമെന്നുമാണ് തനിക്ക് ലഭിച്ച നിർദ്ദേശമെന്നും പ്രതി എക്‌സൈസിനോടു പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.