കോട്ടയം : പേരിനു പോലും പരിശോധനയില്ലാതായതോടെ കോട്ടയം ലഹരി കടത്തുകാരുടെ ഹബായി മാറുന്നു. തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും ആഴ്‌ചയിൽ 250 കിലോയെങ്കിലും കഞ്ചാവ് ജില്ലയിൽ എത്തിക്കുന്നുണ്ട്. ഉണക്കമീനിന്റെ കെട്ടുകൾക്കൊപ്പം ട്രെയിനിൽ കയറ്റിയാണ് ജില്ലയിലേയ്‌ക്ക് കഞ്ചാവ് ഒഴുക്കുന്നത്. പ്രതി ദിനം 25 കിലോയുടെയെങ്കിലും കച്ചവടം ജില്ലയിൽ നടക്കുന്നുണ്ടെന്നാണ് എക്‌സൈസിന്റെയും പൊലീസിന്റെയും ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
കഞ്ചാവും വീര്യം കൂടിയ ലഹരിമരുന്നുകളും ജില്ലയിലേയ്‌ക്ക് എത്തിക്കാൻ നൂറ് വഴിയാണ് കടത്തുകാർ കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും സുരക്ഷിതമായത് ട്രെയിൻ മാർഗമാണ്. റിസർവ് ചെയ്‌ത ടിക്കറ്റിൽ റിസർവേഷൻ കമ്പാർട്ട്‌മെന്റിൽ കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നതാണ് മാഫിയസംഘത്തിന്റെ ഇപ്പോഴത്തെ രീതി. ട്രെയിനിലെ കമ്പാർട്ട്‌മെന്റിനുള്ളിൽ ബാഗ് വച്ച ശേഷം, ഉടമസ്ഥൻ അടുത്തെങ്ങും പോകില്ല. ഏതെങ്കിലും സാഹചര്യത്തിൽ ബാഗ് പിടിച്ചെടുത്താലും ആളില്ലാത്തതിനാൽ കേസും ഉണ്ടാകില്ല. ഇത് കൂടാതെയാണ് ട്രെയിനിലെ പാഴ്‌സൽ വാഗൺ വഴി ഉണക്കമീനിനൊപ്പം കഞ്ചാവ് എത്തിക്കുന്നത്. ഉണക്കമീനിന്റെ പാഴ്‌സലിനൊപ്പം കഞ്ചാവ് എത്തിക്കുമ്പോൾ മണവും പുറത്ത് വരില്ല.
കൈമാറ്റം പ്രധാന നഗരങ്ങളിൽ
ഗ്രാമീണമേഖലകളും, തിരക്കൊഴിഞ്ഞ സ്ഥലങ്ങളിലും കഞ്ചാവുമായി എത്തിയാൽ പിടിവീഴുമെന്ന് ഭയന്നാണ് നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങൾ കഞ്ചാവ് കൈമാറ്റത്തിനായി തിരഞ്ഞെടുക്കുന്നത്. പുലർച്ചെ 3 മുതൽ 7 വരെയുള്ള സമയമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ സമയം പരിശോധനാ സംഘങ്ങളും സജീവമല്ല. ഏറ്റുമാനൂർ, കോടിമത, ചങ്ങനാശേരി എന്നിവിടങ്ങളാണ് സ്വകാര്യ അന്തർ സംസ്ഥാന ബസുകളിൽ കൊണ്ടുവരുന്ന കഞ്ചാവ് കൈമാറ്റം ചെയ്യാനുള്ള പ്രധാന കേന്ദ്രങ്ങൾ.
പരിശോധന ശക്‌തമാക്കും
കഞ്ചാവ് ലഹരിമാഫിയക്കെതിരെ പരിശോധന ശക്തമാക്കും. കൃത്യമായ വിവരങ്ങൾ നൽകാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഡെപ്യൂട്ടി കമ്മിഷണർ
എക്‌സൈസ് കോട്ടയം