കോട്ടയം: നാലു വർഷത്തെ കാത്തിരിപ്പിന് ശേഷം യാഥാർത്ഥ്യമായ ഈരയിൽക്കടവ് ബൈപ്പാസിൽ അമിതവേഗതയും അശ്രദ്ധയും അപകടത്തിലേയ്‌ക്കു വഴി തുറക്കുന്നു. ഇവിടെ വെളിച്ചമില്ലാത്തും പ്രധാന പ്രശ്നമാണ്. ഈരയിൽക്കടവ് ജംഗ്ഷൻ മുതൽ മണിപ്പുഴ വരെയുള്ള രണ്ടര കിലോമീറ്റർ ദൂരം മാത്രമുള്ള റോഡിൽ വാഹനങ്ങൾ പായുന്നത് അമിതവേഗതയിലാണ്. ഇതിനൊപ്പമാണ് ഇവിടെ യുവാക്കൾ നടത്തുന്ന ബൈക്ക് സ്റ്റണ്ടിംഗും. അതുകൊണ്ട് തന്നെ, പൊലീസിന്റെ കാര്യമായ പരിശോധനയില്ലെങ്കിൽ അപകടം വർദ്ധിക്കുമെന്നുറപ്പ്. എം.സി റോഡിനെയും കെ.കെ റോഡിനെയും ബന്ധിപ്പിക്കുന്ന വികസന ഇടനാഴി എന്നു പേരിട്ടിരിക്കുന്ന ഈ റോഡിൽ വാഹനങ്ങളുടെ വേഗം തടയാൻ നിലവിൽ ഈ റോഡിൽ യാതൊരു മാർഗവുമില്ല. ഭാഗ്യംകൊണ്ട് മാത്രമാണ് പല അപകടങ്ങളും സംഭവിക്കാത്തത്.
അപകടം വരുന്ന വഴി
ഈരയിൽക്കടവ് ജംഗ്ഷനിലെ ഓടകൾ മൂടിയിട്ടില്ല
പാലത്തിന് മുൻപ് രണ്ട് ഇടവഴികൾ ഉണ്ട്. ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പ് ബോർഡുകൾ ഇല്ല
ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ വെളിച്ചമില്ല
റോഡിലെ സ്റ്റണ്ടിങും ഫോട്ടോ എടുപ്പും
അശ്രദ്ധയമായി റോഡ് മുറിച്ച് കടക്കുന്നത്
ഈരയിൽക്കടവ് ജംഗ്ഷൻ കൂടുതൽ കുരുക്കിലേക്ക്
കെ.കെ റോഡിൽ ബസേലിയസ് കോളേജ് ജംഗ്ഷൻ മുതൽ ഈരയിൽക്കടവ് വരെയുള്ള അനധികൃത പാർക്കിംഗിനൊപ്പം, ഈരയിൽക്കടവ് ജംഗ്ഷനിലെ നാലു റോഡുകൾ കൂടി വന്നു ചേരുന്നതോടെ ഇവിടെ കുരുക്ക് വർദ്ധിക്കും. റോഡിന്റെ അറ്റകുറ്റപണികൾ അതിവേഗം പൂർത്തിയാക്കിയതിനാൽ ഇനി ഇതു വഴി കൂടുതൽ വാഹനങ്ങൾ എത്തും. ഇത് ഈരയിൽക്കടവ് ജംഗ്ഷനെ കൂടുതൽ കുരുക്കിലാക്കും.