പാലാ: 'കരാറുകാരെ പ്ലീസ്... ഒന്നു വരൂ, കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് എങ്കിലും ഒന്നു നന്നാക്കി തരൂ.... ' വിളിച്ച് വിളിച്ച് മടുക്കുകയാണ് പാലാ നഗരസഭാധികാരികൾ. പക്ഷേ ഒരു കരാറുകാരനും ഇതേ വരെ ഈ പണി ചെയ്യാൻ തയ്യാറായി വന്നിട്ടില്ല. ഒന്നും രണ്ടും ലക്ഷമല്ല ; 28 ലക്ഷം രൂപയും കയ്യിൽപ്പിടിച്ചാണ് നഗരസഭ കരാറുകാരെ വിളിക്കുന്നത്, പക്ഷേ ആരും ഇതേ വരെ വന്നില്ലെന്നു മാത്രം. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന്റെ കിഴക്കു ഭാഗം കുണ്ടും കുഴിയുമായി തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷമൊന്നു കഴിഞ്ഞു. നല്ലൊരു മഴ പെയ്താൽ സ്റ്റാൻഡ് കുളമാകും. മെറ്റലുകൾ ഇളകിത്തെറിച്ചും കിടങ്ങുകൾ രൂപപ്പെട്ടും കിടക്കുന്ന സ്റ്റാൻഡിലൂടെ ചാഞ്ഞും ചരിഞ്ഞുമാണ് ബസ് യാത്ര. നിറയെ യാത്രക്കാരുമായി പോകുന്ന ബസ്സുകളുടെ പ്ലേറ്റുകൾ ഒടിയുന്നതും ടയർ പഞ്ചറാകുന്നതും കൊട്ടാരമറ്റം സ്റ്റാൻഡിലെ പതിവുകാഴ്ചയാണ്. യാത്രക്കാരും ബസ്സുടമകളും ജീവനക്കാരും സ്റ്റാൻഡിലെ യാത്രക്കാരും തുടരെ പരാതിപ്പെട്ടതിന്റെ ഒടുവിൽ കഴിഞ്ഞ നവംബറിൽ സ്റ്റാൻഡ് നന്നാക്കാൻ പാലാ നഗരസഭാധികൃതർ പ്ലാൻ ഫണ്ടിൽപ്പെടുത്തി 28 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിന്റെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ടെണ്ടർ വിളിക്കുന്ന ഘട്ടമെത്തിയപ്പോൾ അന്നത്തെ ചെയർപേഴ്‌സന്റെ കാലാവധി കഴിഞ്ഞു. പിന്നീട് ഈ ഫയൽ തുറന്നട്ടേയില്ല.

 അനുവദിച്ചത് 28 ലക്ഷം രൂപ

സ്റ്റാൻഡിന്റെ പടിഞ്ഞാറ് വശത്ത് നിലവിൽ ടൈൽസ് പാകിയിട്ടുള്ളതു പോലെ കിഴക്കുഭാഗത്തും ടൈൽസിടാനാണ് 28 ലക്ഷം രൂപാ അനുവദിച്ചിരുന്നത്. മഴവെള്ളം കെട്ടിക്കിടക്കുന്നതുമൂലമാണ് സ്റ്റാൻഡ് വേഗം തകരുന്നത് എന്ന് നഗര സഭാ എൻജിനീയറിംഗ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതു പരിഹരിക്കാൻ ടൈൽസ് പാകുന്നതിനൊപ്പം ഇവിടെ ചെറിയൊരു ഓട തീർത്ത് മഴവെള്ളം ഒഴുക്കിക്കളയാനുള്ള നിർദ്ദേശവും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 കാശ് കിട്ടാറില്ലെന്ന് കരാറുകാർ

പാലാ നഗരസഭയിൽ ഏതെങ്കിലും പണി ഏറ്റെടുത്തു ചെയ്താലും പൈസ കിട്ടില്ലെന്നാണ് പൊതുവെ കരാറുകാരുടെ ആക്ഷേപം. നിരവധി പണികൾ ചെയ്തിന്റെ തുക കുടിശ്ശികയായി കെട്ടിക്കിടക്കുകയാണെന്നും കരാറുകാർ പറയുന്നു. ഈ ബാദ്ധ്യത തീരാതെ വലിയ വർക്കുകൾ ഏറ്റെടുത്തു നടത്താനാവില്ലെന്നാണ് ഇവരുടെ വാദം.

ഇതേ സമയം ജോലിയിൽ വീഴ്ച വരുത്തിയ ഒരു കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നഗരസഭാധികാരികൾ അടുത്തിടെ നീക്കം നടത്തിയിരുന്നു. ഇതും കരാറുകാരെ ചൊടിപ്പിച്ച സംഭവമായി.