thodu

കോട്ടയം : ചെമ്പിത്താനം തോട്ടിൽ ചെക്ക് ഡാം നിർമ്മിക്കുമ്പോൾ നാളുകളായി നേരിടുന്ന ജലക്ഷാമത്തിന് പരിഹാരമുണ്ടാകുന്ന പ്രതീക്ഷയായിരുന്നു എല്ലാവർക്കും. എന്നാൽ എന്തൊക്കെ പ്രതീക്ഷിച്ചുവോ അതൊന്നും നടന്നില്ലെന്നു മാത്രമല്ല, ഇവിടെ മാലിന്യം കെട്ടിക്കിടന്നുണ്ടാകുന്ന ദുർഗന്ധത്തിൽ പൊറുതിമുട്ടി നട്ടംതിരിയുകയാണ് നാട്ടുകാരെല്ലാരും. പുതുപ്പള്ളി, തോട്ടയ്ക്കാട് പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന ചെമ്പിത്താനം തോട്ടിൽ ഇക്കഴിഞ്ഞ വർഷം പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ചെക്ക് ഡാമാണ് 'കൂനിന്മേൽ കുരു"വായത്. നിർമ്മാണം പൂർത്തിയാക്കിയതിന് ശേഷം വന്ന വേനൽക്കാലത്തും ഈ ചെക്ക് ഡാം നാട്ടുകാർക്ക് പ്രയോജനം ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ കടുത്ത വേനൽക്കാലത്ത് വെള്ളം വിലയ്ക്ക് വാങ്ങേണ്ട സ്ഥിതിയാണ്. ചെക്ക് ഡാം നിർമ്മിക്കുകയെന്നത് പ്രദേശത്തെ നൂറുകണക്കിന് ആളുകളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. കാത്തിരിപ്പിനൊടുവിൽ നിർമ്മാണം പൂർത്തിയാക്കിയപ്പോൾ യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന വേദനയാണ് നാട്ടുകാർ പങ്കുവയ്ക്കുന്നത്. ചെമ്പിത്താനം തോട്ടിൽ ഇത്രയും നാൾ വെള്ളമുണ്ടായിരുന്നതിനാൽ വലിയ പ്രശ്നങ്ങൾ നാട്ടുകാർ നേരിട്ടിരുന്നില്ല. തോട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെയാണ് ചെക്കുഡാമിന്റ പോരായ്മ വ്യക്തമായത്. തോടിന് കുറുകെ തടയണ നിർമ്മിച്ചതോടെ മാലിന്യങ്ങൾ ഒഴുകാതെ, ഷട്ടറുകൾക്കും കൽക്കെട്ടിനിടയിലൂടെയും വെള്ളം ഒഴുകി പോകുന്നതിനാൽ മാലിന്യങ്ങൾ ഇവിടെ കെട്ടിക്കിടക്കുകയാണ്. വെള്ളം കുറഞ്ഞതോടെ ഇവ കെട്ടിക്കിടന്ന് ചീഞ്ഞ് ദുർഗന്ധവും വമിക്കുന്നുണ്ട്. കൂടാതെ തടയണയ്ക്ക് സമീപത്തെ വെള്ളത്തിന് നിറ വ്യത്യാസവുമുണ്ട്. നൂറുകണക്കിന് പേർ ഉപയോഗിക്കുന്ന തോട്ടിലെ വെള്ളം മലിനമായതിനാൽ മറ്റ് രോഗങ്ങൾ പടരുന്നതിനും കാരണമാകുന്നു.