പാലാ : 'മഹാദേവാ.... മനോഹരാ, മഹാ മന്ത്രാധിപാ പ്രഭോ ......' ഭക്തിലഹരിയിൽ ലയിച്ചുപാടുകയാണ് ആറാം ക്ലാസുകാരി ശ്രീനന്ദ. ക്ഷേത്രാനുഷ്ഠാനത്തിന്റെ ഭാഗമായി സോപാനസംഗീതമാലപിക്കുന്ന സംസ്ഥാനത്തെ ഏക ബാലിക എന്ന വിശേഷണം ഈ 11കാരിയ്ക്കുണ്ട്. കഴിഞ്ഞ നാലു വർഷമായി കെഴുവംകുളം ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണു ക്ഷേത്രത്തിലെ ഉത്സവനാളിൽ സോപാനത്തുങ്കലും വിളക്കിനെഴുന്നള്ളിപ്പിലും ദേവ സ്തുതിസംഗീതവുമായി ശ്രീനന്ദയുണ്ട്. ഭഗവാനെ സ്തുതിച്ചു പാടാൻ പതിവ് തെറ്റിക്കാതെ കഴിഞ്ഞ ദിവസവും ശ്രീനന്ദ ക്ഷേത്രത്തിലെത്തി. ശ്രുതിമധുരമായി ഭഗവാനെ സ്തുതിച്ചു പാടിയ ഈ കൊച്ചു സോപാന സംഗീതജ്ഞ ഭക്തമനസ് കീഴടക്കി.

കുമാരനല്ലൂർ ദേവിവിലാസം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീനന്ദ മള്ളൂശ്ശേരി ഇളയിടത്തില്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും അദ്ധ്യാപികയായ പദ്മജയുടെയും ഇളയ മകളാണ്. ചേട്ടൻ പ്ലസ് ടു വിദ്യാർത്ഥി അഭിജിത്കൃഷ്ണനും സംഗീത വാദ്യമേള കലാകാരനാണ്.രണ്ടാം ക്ലാസ് മുതൽ സംഗീതവും നൃത്തവും അഭ്യസിക്കുന്ന ശ്രീനന്ദയുടെ ഭരതനാട്യവും ഇത്തവണ ചിറക്കര ക്ഷേത്രത്തിലെ കൊടിയേറ്റ് ഉത്സവനാളിലുണ്ടായിരുന്നു. സോപാന സംഗീത രംഗത്തെ ശ്രീ നന്ദയുടെ ആദ്യ ഗുരു താന്ത്രിക പൂജാപണ്ഡിതൻ കൂടിയായ അച്ഛൻ ശങ്കരൻ നമ്പൂതിരിയാണ്.

ഈ വർഷത്തെ കോട്ടയം സബ് ജില്ലാ കലോത്സവത്തിൽ സംസ്‌കൃതം അക്ഷരശ്ലോകം, പദ്യം ചൊല്ലൽ , കവിതാപാരായണം, ഗാനാലാപനം, ഭരതനാട്യം എന്നിവയിൽ എ ഗ്രേഡ് നേടിയ ശ്രീനന്ദ നാടകത്തിലെ മികച്ച അഭിനേത്രിയായും തിരഞ്ഞെടുക്കപ്പെട്ടു. കുടുംബാംഗങ്ങളുടെയും അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും ക്ഷേത്ര ജീവനക്കാരുടെയും പ്രാർത്ഥനയും പ്രോത്സാഹനവുമാണ് സോപാന സംഗീത രംഗത്തും മറ്റു കലാരംഗത്തും തനിക്കു ലഭിച്ച നേട്ടങ്ങൾക്കു പിന്നിലെന്ന് ഈ കൊച്ചു കലാകാരി പറയുന്നു.

 സോപാനസംഗീതം

ക്ഷേത്രത്തിലെ ദീപാരാധന സമയത്തും പൂജാ സമയത്തും നട അടയ്ക്കുമ്പോൾ ദേവനെ - ദേവിയെ സ്തുതിച്ചു കൊണ്ടുള്ള കീർത്തനങ്ങൾ ഇടയ്ക്ക നാദത്തോടു കൂടി പാടുന്നതാണ് സോപാനസംഗീതം. ഓരോ മൂർത്തികൾക്കും ഓരോ പൂജക്കൾക്കുമുള്ള കീർത്തനങ്ങൾക്കും ആലാപന ശൈലികൾക്കും വ്യത്യാസമുണ്ട് . ഇതിനു പുറമെ ചില ക്ഷേത്രങ്ങളിൽ ഉത്സവ നാളുകളിലെ വിളക്കിനെഴുന്നള്ളിപ്പിന്റെ സമയത്തും സോപാനസംഗീതം പാടാറുണ്ട്.