അടിമാലി: ജനമൈത്രി പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ചിന്നപ്പാറക്കുടി ആദിവാസി മേഖലയിൽ സംയോജിത ശിശുസംരക്ഷണ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.ആഭ്യന്തര വകുപ്പ് പൊതുജനങ്ങളുമായി കൈകോർത്ത് കുട്ടികൾക്ക് നേരെ നടന്നുവരുന്ന ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ കുറവു വരുത്താൻ ലക്ഷ്യമിട്ടാണ് സംയോജിത ശിശുസംരക്ഷണ ബോധവൽക്കരണ പരിപാടി 'മാലാഖ'യ്ക്ക് രൂപം നൽകിയിട്ടുള്ളത്.സംസ്ഥാന വ്യാപകമായി നടന്നു വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് അടിമാലി ചിന്നപ്പാറ ആദിവാസി മേഖലയിലും ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.അടിമാലി സി. ഐ അനിൽ ജോർജ്ജ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്തംഗം ദീപാ മനോജ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എം പി അയൂബ് മുഖ്യപ്രഭാഷണം നടത്തി.പൊലീസ് ഉദ്യോഗസ്ഥരായ കെ ഡി മണിയൻ, സി ആർ സന്തോഷ്,എം എം ഷൈജു തുടങ്ങിയവർ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു.അംഗൻവാടി ജീവനക്കാർ,ആശ പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട ആളുകളെ സംയോജിപ്പിച്ചാണ് മാലാഖക്ക് രൂപം നൽകിയിട്ടുള്ളത്.ചിന്നപ്പാറക്കുടിയിൽ നടന്ന പരിപാടിക്ക് അടിമാലി ഇക്രമെഡിക്കൽ സെന്ററിന്റെ സഹകരണമുണ്ടായിരുന്നു.