തലയോലപ്പറമ്പ്: ക്ഷീരോത്പാദക സഹകരണ സംഘത്തിൽ പാൽ, കാലിത്തീറ്റ എന്നിവയുടെ വിതരണത്തിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി കോൺഗ്രസ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. തലയോലപ്പറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ 4ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടത്തിയതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഫീഡ്‌സിന്റെ നേരിട്ടുള്ള ഏജൻസി സംഘത്തിന് ഉണ്ടായിട്ടും സ്വകാര്യ ഏജൻസിയിൽ നിന്നും കാലിത്തീറ്റ എടുത്തു. 100ൽ അധികം ചാക്ക് കാലിത്തീറ്റ സ്റ്റോക്ക് റജിസ്റ്ററിൽ എഴുതിയിട്ടില്ലെന്നും ആരോപണമുണ്ട്. ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രസിഡന്റിനോട് ഭൂരിപക്ഷം ഭരണ സമിതി അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. രണ്ട് ഭരണസമിതി അംഗങ്ങളെ കണക്ക് പരിശോധിക്കുന്നതിനായി കമ്മറ്റി ചുമതലപ്പെടുത്തുകയും ഇവർ നടത്തിയ പരിശോധനയിൽ കാലിത്തീറ്റ വാങ്ങി വിറ്റ ഇനത്തിൽ ലഭിച്ച തുകയും ഏജൻസിക്ക് നൽകിയ തുകയും കണക്കിൽ ചേർത്തിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തതാണെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കാത്ത പക്ഷം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് വി.ടി.ജയിംസ് പറഞ്ഞു. .