പാലാ: ഗ്രാമീണ മേഖലയിലെ സ്‌കൂൾ കുട്ടികൾക്ക് ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കാനും പ്രോജക്ടുകൾ ചെയ്യാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ തുടക്കമിട്ട അടൽ ടിങ്കറിംഗ് ലാബ് ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സ്‌കൂളിൽ ആരംഭിക്കുന്നു. കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ മാത്രമേ ഈ പദ്ധതിക്ക് അനുമതി കിട്ടിയിട്ടുളളൂ.
പഠനപാഠ്യേതര രംഗങ്ങളിലെ മികവുകൾ മുൻ നിറുത്തിയാണ് ഈ പദ്ധതി നടപ്പാക്കാൻ അംബികാ വിദ്യാഭവൻ സ്‌കൂളിനെ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തിട്ടുള്ളതെന്ന് ഇന്നലെ വൈകിട്ട് ചേർന്ന സ്‌കൂൾ സൗഹൃദ സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ച അംബികാ ട്രസ്റ്റ് പ്രസിഡന്റ് ഡോ. എൻ. കെ. മഹാദേവൻ പറഞ്ഞു.
അടൽ ടിങ്കറിംഗ് പദ്ധതിക്കായി ഇരുപത് ലക്ഷത്തോളം രൂപയുടെ അത്യാധുനിക ശാസ്ത്ര ഉപകരണങ്ങളാണ് സ്‌കൂളിൽ സ്ഥാപിക്കുക. 1500 ചതുരശ്ര അടി സൗകര്യം ഇതിനായി സ്‌കൂളിൽ ഒരുക്കും. കോട്ടയം ജില്ലയിലെ മറ്റേത് സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടാലും ഈ ലാബിലെ പഠന കാര്യങ്ങൾക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കാനുള്ള ബാദ്ധ്യതയും അംബികാ വിദ്യാഭവനാണ്. കുട്ടികൾക്ക് സ്വയം ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താനും, സംശയ ദൂരീകരണത്തിനും ഇവിടെ സൗകര്യമുണ്ടാകും. വേണ്ടിവന്നാൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക രംഗത്തെ മുതിർന്ന ശാസ്ത്രജ്ഞന്മാരുടെ വീഡിയോ കോൺഫ്രൻസ് സേവനവും ഈ ലാബിൽ ലഭിക്കും. അടൽ ടിങ്കറിംഗ് ലാബിനു സൗകര്യമൊരുക്കാൻ നിലവിലെ രണ്ട് ക്ലാസ്സ് മുറികൾ ഒന്നാം നിലയിലേക്കും, ലൈബ്രറിയും മറ്റും രണ്ടാം നിലയിലേക്കും മാറ്റുമെന്നും സ്‌കൂൾ അധികൃതർ വിശദീകരിച്ചു. ഡോ. എൻ. കെ. മഹാദേവന്റെ അധ്യക്ഷതയിൽ ചേർന്ന സൗഹൃദ സംഗമം പാലാ അർബ്ബൻ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. ആർ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ജനറൽ സെക്രട്ടറി അംബിക കുഞ്ഞമ്മ മുഖ്യ പ്രഭാഷണം നടത്തി. ഡി. ചന്ദ്രൻ , സി. എസ്. പ്രദീഷ്, പ്രശാന്ത് കുമാർ, തുടങ്ങിയവർ സംസാരിച്ചു.
---
ഐങ്കൊമ്പ് അംബികാ വിദ്യാഭവനിൽ നടന്ന സ്‌കൂൾ സൗഹൃദ സംഗമം അഡ്വ. കെ. ആർ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു.