കോട്ടയം : കേരളത്തിന്റെ വിളിപ്പേര് 'കേരം തിങ്ങും കേരളനാട് 'എന്നായിരുന്നെങ്കിൽ ഇനി അത് 'കേരം കേഴും കേരളനാട് ' എന്നാക്കി മറ്റേണ്ടിവരുമോ എന്ന ആശങ്കയിലാണ് കേര കർഷകർ. നീര് ഊറ്റിക്കുടച്ച മണ്ഡരിയിൽ നിന്ന് രക്ഷപ്പെട്ട് ഒരു വിധത്തിൽ തെങ്ങ് തലയുയർത്തിവന്നപ്പോഴാണ് പുതിയ മാരണമെത്തിയത് ; വെള്ളീച്ച. പാറശാല മുതൽ കാസർഗോഡ് വരെ തെങ്ങിൻ തോട്ടങ്ങൾ വെള്ളീച്ചയുടെ പിടിയിലാണെന്ന് കർഷകർ പറയുന്നു.
കായ്ഫലം കുറയുകയും തെങ്ങിന്റെ വളർച്ച മുരടിക്കുകയും ചെയ്തതോടെ മച്ചിങ്ങ കൊഴിഞ്ഞ് തെങ്ങിന്റെ മണ്ടയിൽ കൊതുമ്പും കോഞ്ഞാട്ടയും മാത്രമായി.
മണ്ഡരി ബാധയെത്തുടർന്ന് തേങ്ങയുടെ എണ്ണത്തിലും വലുപ്പത്തിലും ഗണ്യമായ കുറവ് സംഭവിച്ചു. വെള്ളീച്ചയോടെ തെങ്ങുകളുടെ വളർച്ചയും മുരടിച്ചു.
വെള്ളീച്ചയെ തുരത്താൻ കോക്കനട്ട് ഡവലപ്മെന്റ് കോർപ്പറേഷൻ രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും കാര്യമായ പ്രയോജനമൊന്നും ഉണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു.
ഉദ്യാന പച്ചക്കറി വിളകളിലെ പ്രധാന കീടമാണ് വെള്ളീച്ച. ഇതിന്റെ മുന്തിയ ഇനമാണ് തെങ്ങുകളിൽ പ്രത്യക്ഷപ്പെടുന്നത്. തൈത്തെങ്ങ് മുതൽ വലിയ തെങ്ങുകളിൽ വരെ വെള്ളീച്ച രോഗം പടരുന്നുണ്ട്. തെങ്ങോലകളുടെ അടിഭാഗത്ത് കൂട്ടമായി കാണപ്പെടുന്ന വെള്ളീച്ചകൾ മുട്ടയിട്ട് അവയെ വെളുത്ത മെഴുകുപോലെയുള്ള പദാർത്ഥം കൊണ്ട് ആവരണം ചെയ്യും. വെള്ളീച്ചകളും അവയുടെ കുഞ്ഞുങ്ങളും അടിഭാഗത്തിരുന്ന് നീരൂറ്റിക്കുടിക്കുന്നതിനാൽ ഓലകൾ ഒടിയുകയും മഞ്ഞളിക്കുകയും ചെയ്യും. വെള്ളീച്ചകൾ പുറപ്പെടുവിക്കുന്ന മധുരമുള്ള സ്രവം താഴെയുള്ള ഓലകളുടെയും മറ്റു സസ്യങ്ങളുടെ ഇലകളുടെയും മുകളിൽ വീഴുന്നത് കറുത്ത കുമിളിന്റെ വളർച്ചക്ക് കാരണമാകുകയും ചെയ്യും.
തെങ്ങോലയുടെ അടിഭാഗത്ത് വെള്ളീച്ചകൾ കൂട്ടമായി ഇരിക്കുന്നതിനാൽ വിഷം അടിച്ച് നശിപ്പിക്കുക എളുപ്പമല്ല.രോഗലക്ഷണങ്ങൾ കാണുന്ന ഓലകൾ മുറിച്ചു മാറ്റി തീയിടണം. ശേഷിക്കുന്ന ഓലകളുടെ അടിഭാഗത്ത് രണ്ടു ശതമാനം വീര്യമുള്ള വേപ്പെണ്ണ-വെളുത്തുള്ളി, അല്ലെങ്കിൽ ആവണക്കെണ്ണ- വേപ്പെണ്ണ- സ്റ്റാനോവൈറ്റ് മിശ്രിതം തയ്യാറാക്കി 15 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തയ്യാറാക്കി സ്പ്രേ ചെയ്യുകയാണ് പോംവഴി. കൂടാതെ വെർട്ടി സീലിയം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന രീതിയിൽ തയ്യാറാക്കിയും ഓലകളിൽ തളിക്കണം. വളം കൂടുതലായി ഉപയോഗിച്ച് കരുത്തുള്ള ഒാല വളരാൻ കർഷകർ ശ്രദ്ധിക്കുകയും വേണം. എന്നാൽ ഉയരമുള്ള തെങ്ങിൽ കയറി സ്പ്രേ ചെയ്യുന്നത് പ്രായോഗികമല്ല. തന്നെയുമല്ല, പരിസരത്തെ വീടുകളിലേയ്ക്ക് പരക്കുകയും ചെയ്യും.
കുത്തിവയ്പ്പിലൂടെ തുരത്താം
വെള്ളിച്ച ഒരു വൈറൽ അണുബാധയാണ്. സ്റ്റം ഇൻജക്ഷനിലൂടെയും റൂട്ട് ഫീഡിംഗിലൂടെയും ഇതിനെ കീഴ്പ്പെടുത്താൻ സാധിക്കുമെന്ന് നാട്ടകം കൃഷി ഓഫീസർ എ.എസ് വൈശാഖി പറയുന്നു. തെങ്ങിന്റെ തടി ഡ്രില്ല് ചെയ്ത് ദ്വാരമുണ്ടാക്കി 10 മില്ലി വേപ്പിൻ നീരിൽ 10 തുള്ളി വെള്ളം കലർത്തി കുത്തിവയ്ക്കുന്നതാണ് ഒരു രീതി. കുത്തിവച്ച ശേഷം ദ്വാരം അടച്ചുവയ്ക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ലായനി തെങ്ങ് വലിച്ചെടുക്കും. ഇതോടെ വെള്ളീച്ച നശിക്കും. വേരിലൂടെ വേപ്പ് ലായനി കയറ്റി വിടുന്നതാണ് മറ്റൊരു രീതി. തെങ്ങിന്റെ ഒന്നോ രണ്ടോ നല്ല വേരുകൾ കണ്ടെത്തി ചെരിച്ച് കണ്ടിച്ച് വേപ്പിൻലായനിയിൽ മുക്കി വയ്ക്കുന്ന രീതിയാണിത്. ഈ രണ്ട് രീതികളും കൃഷിഭവനിലൂടെ നടപ്പാക്കിവരുന്നതായും അവർ പറഞ്ഞു. നാട്ടകം പഞ്ചായത്തിന്റെ 900 പാടശേഖരത്തിലെ മാർക്കാന്തറ രാജേഷിന്റെ പുരയിടത്തിൽ ഇത് പരീക്ഷിച്ച് വിജയിച്ചതാണ്. കുത്തിവച്ച് 15 ദിവസം കഴിഞ്ഞുമാത്രമേ വിളവെടുക്കാൻ സാധിക്കുകയുള്ളൂവെന്നും കൃഷി ഓഫീസർ പറയുന്നു.