കോട്ടയം: മോർഫ് ചെയ്ത ചിത്രം കാട്ടി സഹപാഠികൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അമിതമായ അളവിൽ ഗുളിക കഴിച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹപാഠികളായ നാല് പെൺകുട്ടികൾ ചേർന്നാണ് ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം.സംഭവത്തെ തുടർന്ന് പാലാ പൊലീസ് വിവരം ചെൽഡ് ലൈൻ അധികൃതരെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം സ്കൂളിൽ നിന്ന് വിനോദയാത്ര പോയിരുന്നു. ഇതിനിടയിലെടുത്ത പെൺകുട്ടിയുടെ ചിത്രവുമായി ചേർത്ത് ഇതേ ക്ലാസിലെതന്നെ ഒരു ആൺകുട്ടിയുടെ ചിത്രം വച്ചാണ് മോർഫിംഗ് നടത്തിയത്. വിനോദയാത്രപോയി തിരിച്ചെത്തിയപ്പോഴാണ് മോർഫിംഗ് ചിത്രം നാല് പെൺകുട്ടികൾ ചേർന്ന് പെൺകുട്ടിയെ കാട്ടിയത്. ഇതോടെ മാനസികമായി തളർന്ന പെൺകുട്ടി അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വിനോദയാത്രക്കിടയിൽ പെൺകുട്ടികൾ തമ്മിലുണ്ടായ തർക്കമാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വിനോദയാത്രക്കിടയിൽ മൊബൈൽഫോൺ നഷ്ടപ്പെട്ടതിലുള്ള മനോവിഷമമാണ് പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം തുടരുകയാണ്.