കോട്ടയം: കനത്ത ചൂട് ക്ഷീരമേഖലയെയും പൊള്ളിക്കുകയാണ് . തീറ്റപ്പുല്ലും ആവശ്യത്തിന് വെള്ളവും ലഭിക്കുന്നില്ലെന്നതാണ് പ്രധാനപ്രശ്നം. ഇതു മൂലം പാലുത്പാദനത്തിൽ പ്രതിദിനം അയ്യായിരം ലിറ്ററിന്റെ കുറവാണുണ്ടായത്. സ്ഥിതി തുടർന്നാൽ ഔട്ട് ലറ്റുകൾക്ക് നൽകുന്ന പായ്ക്കറ്റ് പാലിന്റെ ക്വാട്ട കുറയ്ക്കേണ്ടി വരുമെന്നാണ് മിൽമയുടെ മുന്നറിയിപ്പ് .
ശരാശരി പത്ത് മുതൽ 15 ലിറ്റർ വരെ പാൽ ലഭിച്ചിരുന്നിടത്ത് 8-10 ലിറ്ററായി കുറഞ്ഞു. തണുപ്പ് കാലാവസ്ഥയിൽ വളരുന്ന സങ്കരയിനം പശുക്കളെ പരിപാലിക്കാനുള്ള ചെലവും കൂടി. കാലിത്തീറ്റ വില കൂടിയതും ആവശ്യത്തിന് ലഭ്യമല്ലാത്തതും തിരിച്ചടിയായി. സൂര്യാഘാതമേൽക്കുമെന്നതിനാൽ പശുക്കളെ തുറസായ സ്ഥലത്ത് മേയാൻ വിടാൻ കഴിയാത്ത അവസ്ഥയാണ്. ധനസഹായം ആവശ്യപ്പെട്ട് കർഷകർ നൽകിയ അപേക്ഷകളെല്ലാം കെട്ടിക്കിടക്കുന്നു.
മുമ്പ് ജില്ലയുടെ പല ഭാഗത്തും തീറ്റപ്പുല്ല് കൃഷിക്കായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും ഫലവത്തായില്ല. പച്ചപ്പുല്ലിനു ദൗർലഭ്യം വന്നതിനാൽ ഉണങ്ങിയ പുല്ല് പശുവിന് കൊടുക്കേണ്ടി വരുന്നു. കിലോയ്ക്കു 10രൂപവരെയാണ് ഉണങ്ങിയ പുല്ലിന്റെ വില. ഗോതമ്പ് തവിടാണ് മറ്റൊരു കാലിത്തീറ്റ. 50 കിലോഗ്രാം തവിടിന് 1170 രൂപ വിലയുണ്ട്.
പാൽ ഉത്പാദനം
മുൻപ് : 50000 ലിറ്റർ
ഇപ്പോൾ : 45000 ലിറ്റർ
ജാഗ്രതാ നിർദേശവുമായി സർക്കാർ
പശുക്കളെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ തുറസായ സ്ഥലങ്ങളിൽ മേയാൻവിടരുത്
തൊഴുത്തിന്റെ മേൽക്കുരയിൽ ഓലയോ, ഷെയ്ഡ് നെറ്റോ പോലുള്ളവ ഇട്ട് ചൂട് കുറയ്ക്കണം
രണ്ടു നേരവും കുളിപ്പിക്കണം, പകൽ ഇടയ്ക്കിടെ വെള്ളം ഒഴിച്ചോ നനഞ്ഞ ചാക്കിട്ടോ തണുപ്പിക്കണം
ഒരു ദിവസം 60 ലിറ്റർ വെള്ളം കുടിക്കാൻ നൽകണം, കറവപ്പശുവിന് ഒരു ലിറ്റർ പാലിന് നാല് ലിറ്റർ
ഖരരൂപത്തിലുള്ള സമീകൃത തീറ്റ രാവിലെ ഏഴിന് മുമ്പും വൈകിട്ട് അഞ്ചിന് ശേഷവും നൽകുക.
'' വീടുകളിൽ പശുവിനെ വളർത്തുന്നതിനാൽ ശുദ്ധമായ പാല് ഉപയോഗിക്കാം എന്നതു മാത്രമാണ് ലാഭം. വെള്ളം കാശ് കൊടുത്ത് വാങ്ങിച്ച് പശുവിന് കൊടുക്കുകയാണ്. പലേടത്തും പശുക്കൾ തളർന്ന് വീണതായി കേൾക്കുന്നുണ്ട്''
സി.കെ. കുര്യൻ , കർഷകൻ