kinar

ചങ്ങനാശേരി: താലൂക്കിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. കടുത്ത വേനലിനു മുമ്പുതന്നെ ഉയർന്ന പ്രദേശങ്ങളിലെ കിണറുകളിൽ ഭൂരിഭാഗവും വറ്റിവരണ്ടു. തൃക്കൊടിത്താനം, മാടപ്പള്ളി പഞ്ചായത്തുകളിലാണ് പ്രതിസന്ധി രൂക്ഷമായത്. വേനൽ കനത്തതോടെ ജലസ്രോതസുകളിൽ പലതും വറ്റിത്തുടങ്ങി. ഉയർന്ന പ്രദേശമായതിനാൽ പല കിണറുകളിലും ആറു മാസമേ വെള്ളം ലഭിക്കുകയുള്ളൂ. മാടപ്പള്ളി, മാന്നില പ്രദേശത്ത് കുടിവെള്ള ക്ഷാമം കടുത്തു. പഞ്ചായത്ത് നടപ്പാക്കിയ ജലനിധി പദ്ധതി മാത്രമാണ് നാട്ടുകാരുടെ ആശ്രയം. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് പദ്ധതിയിലൂടെ കുടിവെള്ളം കിട്ടുന്നത്. അംഗങ്ങൾ കൂടുതലുള്ള കുടുംബങ്ങൾക്ക് പലപ്പോഴും ഈ വെള്ളം മതിയാവില്ല. അങ്ങനെയാകുമ്പോൾ പല കുടുംബങ്ങളും വെള്ളം വിലയ്‌ക്ക് വാങ്ങേണ്ട ഗതികേടിലാണ്. പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്നതിനായി ജലനിധി പദ്ധതിപ്രകാരം ഒരു കുളം കൂടി നിർമ്മിക്കാൻ പഞ്ചായത്ത് അനുമതി നൽകിയതാണ്. എന്നാൽ അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതോടെ വേനൽ കനത്തതോടെ ജനങ്ങൾ ആശങ്കയിലാണ്. ജലനിധി പദ്ധതിയെ ആശ്രയിച്ച് 98 ഓളം കുടുംബങ്ങളാണുള്ളത്. കൂവക്കാട് പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന കുളത്തിലും വെള്ളം കുറവാണ്. കുന്നിൻ പ്രദേശത്ത് താമസിക്കുന്നവരാണ് കൂടുതൽ പ്രതിസന്ധിയിലായത്. ചില വീടുകൾക്ക് വെള്ളം കിട്ടുമ്പോൾ മറ്റു ചിലർക്ക് ലഭിക്കാതെ വരുന്ന അവസ്ഥയുണ്ട്. പാത്രങ്ങളിൽ വെള്ളം നിറയ്ക്കുന്നതിനായി മണിക്കൂറുകൾ കാത്തു നിൽക്കേണ്ട സ്ഥിതിയാണുള്ളത്.

കിണറുകളില്ല

ആശ്രയം പൈപ്പുവെള്ളം

തൃക്കൊടിത്താനത്തെ സ്ഥിതിയും മറ്റൊന്നല്ല. കിണറുകളില്ലാത്തതിനാൽ നഗരസഭയുടെ പൈപ്പ് ലൈൻ വഴി ആഴ്ചയിൽ ഒന്നോ,രണ്ടോ ദിവസം ലഭിക്കുന്ന വെള്ളമാണ് ഇവിടത്തെ ഏകആശ്രയം. ഉയർന്ന പ്രദേശങ്ങളിൽ കിണറുകളില്ലാത്തതിനാൽ പ്രദേശവാസികൾ ഏറെയും ആശ്രയിക്കുന്നത് പൈപ്പ് വെള്ളത്തെതാണ്. ഒരാഴ്ചയായി പ്രദേശത്ത് വെള്ളം കിട്ടുന്നില്ലെന്ന പരാതിയും ശക്തമാണ്. വെള്ളം വിലയ്ക്കു വാങ്ങേണ്ടുന്ന സ്ഥിതിയും ഇവിടെയുണ്ട്. വേനൽ കടുക്കുമ്പോൾ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ശുദ്ധജലം എത്തിക്കുന്നതിന് അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.