pola

കോട്ടയം: തണ്ണീർ മുക്കം ബണ്ട് അടച്ച് ഒഴുക്ക് നിലച്ചതോടെ വേമ്പനാട്ടുകായലും സമീപ ആറും തോടുകളും പായലിൽ വീർപ്പു മുട്ടുകയാണ്. എന്നിട്ടും 48 ലക്ഷം രൂപ ചെലവഴിച്ചു ജില്ലാപഞ്ചായത്ത് വാങ്ങിയ പോളവാരൽ യന്ത്രം ഉപയോഗിക്കാനുള്ള നടപടി ഉണ്ടാകുന്നില്ല. പായൽ വാരൽയന്ത്രം കൃഷി വിഭാഗം എൻജിനിയറിംഗ് ഓഫീസിലാണ് പൊടിപിടിച്ചു കി‌ടക്കുന്നത്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിയുണ്ടാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നതിനനുസരിച്ച്‌ പോള വാരൽ യന്ത്രം കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് കൊടുക്കാനായിരുന്നു ജില്ലാ പഞ്ചായത്ത് തീരുമാനം .നെൽക്കൃഷി ഇറക്കുന്ന സമയത്ത് കർഷകർ യന്ത്രം ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തിനെ സമീപിച്ചപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ച യന്ത്രം തുടർപരിശോധനകൾക്കായി നിർമ്മാണ കമ്പനിയുടെ യാർഡിലേക്ക് മാറ്റിയിരിക്കുകയാണെന്നായിരുന്നു മറുപടി.

ചിങ്ങവനം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേളചന്ദ്ര എൻജിനീയേഴ്സാണ് യന്ത്രം നിർമ്മിച്ചു നൽകിയത്. ചെറുതോടുകളിലും ഉപയോഗിക്കാൻ കഴിയുന്ന യന്ത്രം കൊണ്ട് ഒരു മണിക്കൂറിനുള്ളിൽ ആറ് ടൺവരെ പോള നീക്കം ചെയ്യാം. മുൻ ഭാഗത്തെ ബ്ലേഡുകൾ വഴി മുറിച്ചുമാറ്റുന്ന പോള കൺവെയർ ബെൽറ്റ് വഴി ശേഖരിച്ച് കരയിൽ നിക്ഷേപിക്കുന്ന രീതിയിലാണ് പ്രവർത്തനം. 3.5 ടൺ ഭാരമുള്ള യന്ത്രം ഒരു മണിക്കൂർ പ്രവർത്തിക്കുന്നതിനു അഞ്ചു ലിറ്റർ ഡീസൽ വേണം.

നീക്കാവുന്നത്

മണിക്കൂറിൽ

6 ടൺ പോള

 ബണ്ട് അടച്ചതോടെ പോളയും പായലും കെട്ടിക്കിടക്കുന്നു

പായൽ കുടുങ്ങുന്നതിനാൽ ബോട്ട് യാത്ര ബുദ്ധിമുട്ടിലായി

പടിഞ്ഞാറൻമേഖലയിൽ നിത്യജീവിതവും പ്രതിസന്ധിയിൽ

യന്ത്രം തയ്യാർ, ആവശ്യക്കാരില്ല!

''പോളവാരൽ യന്ത്രം ആവശ്യമുള്ളവർ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകണം. 1000 രൂപയാണ് ദിവസ വാടക നിശ്ചയിച്ചിട്ടുള്ളത്. യന്ത്രത്തിന് കേടുപാടൊന്നുമില്ല . കമ്പനി ഗ്യാരന്റിയുമുണ്ട്. പടിഞ്ഞാറൻ മേഖലയിലെ ആറുകളും തോടുകളും പായൽ നിറഞ്ഞു കിടക്കുമ്പോഴും യന്ത്രം ഉപയോഗിക്കാൻ പഞ്ചായത്തുപാടശേഖര സമിതികളോ ,പഞ്ചായത്തോ തയ്യാറാകുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. എന്തു കൊണ്ടെന്ന് പറയാൻ കഴിയുന്നില്ല.

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് )