തൃക്കൊടിത്താനം: അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ തൃക്കൊടിത്താനം സ്വദേശി സോജൻ ചെറിയാൻ, മാടപ്പള്ളി സ്വദേശി വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. കാർ ഓടിച്ചിരുന്ന ചങ്ങനാശേരി വെങ്കോട്ട സ്വദേശി ആഷിഷിനെ (30) തൃക്കൊടിത്താനം പൊലീസ് പിടികൂടി. മദ്യലഹരിയിലാണ് ഇയാൾ കാറോടിച്ചത്. ഇന്നലെ രാവിലെ 9.30-ഓടെ തൃക്കൊടിത്താനം മുക്കാട്ടുപടിയിലായിരുന്നു സംഭവം. മുക്കാട്ടുപടിയിൽ നിന്നു കുന്നുംപുറത്തേയ്ക്കു പോകുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രികരെ ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മദ്യപിച്ചതിനും അമിതവേഗതയിൽ വാഹനമോടിച്ചതിനും ആഷിഷിനെതിരെ കേസെടുത്തിട്ടുണ്ട്.