yathra

ചങ്ങനാശേരി: അഞ്ച് സംസ്ഥാനങ്ങൾ കടന്ന് ചങ്ങനാശേരിയിലെത്തിയ 15 എജിനീയർ റെജിമെന്റിലെ ജവാൻമാരുടെ സൈക്കിൾ യാത്രയ്ക്ക് ചങ്ങനാശേരിയിൽ സ്വീകരണം നൽകി. യാത്രാക്യാപ്റ്റൻ നരേന്ദ്ര പഞ്ചലും സംഘവും എസ്.എച്ച് സ്‌കൂൾ അങ്കണത്തിൽ തയ്യാറാക്കിയ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. എസ്.എച്ച്. സ്‌കൂളിലെ കുട്ടികളുമായി സംവദിച്ചു. ജവാന്മാരെ പ്രിൻസിപ്പൽ പി.ഐ കുര്യാച്ചൻ, മാനേജർ ഫാ. ജോസഫ് നെടുംപറമ്പിൽ, അഡ്മിനിസ്‌ട്രേറ്റർ ഡി.ആന്റണി എന്നിവർ ചേർന്ന് സ്വീകരിച്ചു. നരേന്ദ്ര പഞ്ചലിനെ സ്‌കൂൾ മാനേജർ ഫാ. ജോസഫ് നെടുംപറമ്പിൽ ഹാരമണിയിച്ചു. എം.ഇ.എസ് ചങ്ങനാശേരി താലൂക്ക് കമ്മിറ്റി, തൃക്കൊടിത്താനം വി.ബി.യു.പി സ്‌കൂൾ, തൃക്കൊടിത്താനം ഗവ.ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലും യാത്രക്ക് സ്വീകരണം നല്കി. ജയ്‌സൽമീരിലെ പൊക്കറാനൽ നിന്ന് കഴിഞ്ഞ 22നാണ് സംഘം യാത്ര ആരംഭിച്ചത്. ഇന്ന് രാവിലെ 7.30ന് തൃക്കൊടിത്താനം മഹാക്ഷേത്രം സന്ദർശിച്ച് ആലുവയിലേക്ക് പോകും.