പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന്റെ പണികൾ എത്രയും വേഗം തീർക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുമെന്ന് പാലാ നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക്ക് പറഞ്ഞു. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ഇന്നലെ 'കേരള കൗമുദി ' പ്രസിദ്ധീകരിച്ച 'കണ്ടില്ലേ, കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന്റെ കോലം ' എന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നൂ ചെയർപേഴ്‌സൺ. ട്രഷറിയിൽ നിന്നും പഴയ വർക്കുകളുടെ പോലും ബില്ല് മാറിക്കിട്ടാത്തതിനാൽ കരാറുകാർ സമരത്തിലാണ്. അതുകൊണ്ടാണ് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന്റെ വർക്ക് ആരും ഏറ്റെടുക്കാത്തതെന്ന് ചെയർപേഴ്‌സൺ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് പണികൾ എത്രയും വേഗം നടത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുന്നത്. അടുത്ത ദിവസം സെക്രട്ടേറിയറ്റിലെത്തി ഇതു സംബന്ധിച്ച് കത്തു നൽകുമെന്നും മേരി ഡൊമിനിക്ക് പറഞ്ഞു. നഗരസഭയുടെ പ്ലാൻ ഫണ്ടിൽപ്പെടുത്തി 28 ലക്ഷം രൂപയാണ് സ്റ്റാൻഡിന്റെ അറ്റകുറ്റപ്പണികൾക്കായി നീക്കിവെച്ചിട്ടുള്ളത്. പ്രധാനമായും ടൈൽ പതിപ്പിക്കാനാണ് തീരുമാനം. ഒപ്പം വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ഓടയും നിർമ്മിക്കുന്നുണ്ടെന്നും ചെയർപേഴ്‌സൺ വിശദീകരിച്ചു.