പൊൻകുന്നം: പി.പി. റോഡിൽ അട്ടിക്കവലയിൽ പ്രവർത്തിച്ചിരുന്ന കാഞ്ഞിരപ്പള്ളി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് ഇന്നലെ മുതൽ പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചുതുടങ്ങി. സിവിൽ സ്റ്റേഷന്റെ രണ്ടാം നിലയിലാണിത്. വാടകക്കെട്ടിടത്തിൽ നിന്ന് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് സർക്കാർ സമുച്ചയത്തിലേക്ക് ആർ.ടി.ഓഫീസ് മാറുന്നത്. ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്‌നസ് പരിശോധന, രജിസ്‌ട്രേഷൻ പരിശോധന തുടങ്ങിയ പി.പി.റോഡിലുണ്ടായിരുന്ന ഓഫീസിന് സമീപം തന്നെ തുടരും. വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനു സമീപമുള്ള മൈതാനത്തു തന്നെയാവും ഡ്രൈവിംഗ് ടെസ്റ്റ്. സിവിൽ സ്റ്റേഷന് പുറകിൽ പോലീസ് ക്വാർട്ടേഴ്‌സുകൾക്കും ഡിവൈ.എസ്.പി.ഓഫീസിനും സമീപം ആഭ്യന്തരവകുപ്പിന്റെ കൈവശമുള്ള റവന്യൂഭൂമിയിൽ മൈതാനത്തിനായി നേരത്തെ മണ്ണുനീക്കിയിരുന്നു. എന്നാൽ വകുപ്പുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് തുടർനടപടിയായില്ല.