പൊൻകുന്നം:കുടിവെള്ളസ്രോതസ്സുകൾ വറ്റിവരണ്ട് ജലക്ഷാമം രൂക്ഷമായപ്പോൾ വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടിയെന്ന കാരണത്താൽ ജലവിതരണം മുടങ്ങി. കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിൽ കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളവിതരണമില്ല. ബൂസ്റ്റർ ടാങ്കിലേക്കുള്ള പൈപ്പ് പൊട്ടൽ മൂലമാണ് വിതരണം നിറുത്തിവച്ചത്. റോഡ് പൊളിച്ച് പൈപ്പ് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വേണം. എന്നാൽ ഇതുവരെ അനുമതി ലഭിച്ചില്ല.
മണ്ണംപ്ലാവിൽ റോഡിന് കുറുകെയുള്ള കുഴലാണ് തകർന്നത്. മറ്റ് പലയിടത്തും ഇത്തരത്തിൽ പമ്പിംഗ് സമയത്തെ ജലസമ്മർദ്ദം താങ്ങാനാകാത്ത കുഴൽ തകർന്ന് വെള്ളം നഷ്ടപ്പെട്ടിരുന്നു. പലപ്പോഴും റോഡ് പൊളിക്കുന്നത് യഥാവിധി മൂടാത്തതുമൂലം അപകടം പെരുകുന്നത് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് റോഡ് പൊളിക്കൽ വിലക്കിയതാണ്. അപകടങ്ങളുണ്ടായാൽ ജലഅതോറിട്ടിക്കായിരിക്കും ഉത്തരവാദിത്തമെന്ന പക്ഷമാണ് വകുപ്പിന്.
കരിമ്പുകയത്ത് നിന്ന് ചിറക്കടവ് ഗ്രാമദീപം ടാങ്കിലേക്ക് നാലുകിലോമീറ്റർ ദൂരം റോഡിനടിയിലെ പൈപ്പിലൂടെ വെള്ളമെത്തിച്ച് അവിടെ നിന്നാണ് പൊൻകുന്നം പട്ടണത്തിലെ ടാങ്കിലേക്കും കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വഞ്ചിമലയിലെ ടാങ്കിലേക്കും വെള്ളമെത്തിക്കുന്നത്. ഇവിടെ നിന്നാണ് ഗാർഹിക ഉപഭോക്താക്കളുൾപ്പെടെയുള്ളവർക്ക് വെള്ളം നൽകിയിരുന്നത്. ആയിരക്കണക്കിന് ഗാർഹിക ഉപയോക്താക്കൾക്കും കടകൾക്കും ആശുപത്രികൾക്കും അതോറിട്ടിയുടെ വെള്ളം കിട്ടാതായി. പൈപ്പ് ലൈൻ പൂർണമായും റോഡരികിലൂടെ ആക്കിയാൽ പ്രശ്‌നം പരിഹരിക്കാം. അടിക്കടിയുണ്ടാകുന്ന പൈപ്പ്‌പൊട്ടലിന് ശാശ്വതപരിഹാരമായി കാസ്റ്റ്അയൺ കുഴൽ സ്ഥാപിക്കണമെന്ന് നിർദ്ദേശമുയരുന്നുണ്ടെങ്കിലും തൽക്കാലം അതു നടപ്പാക്കാനാകില്ലെന്നാണ് അധികൃതർ പറയുന്നത്. അതിന് പുതിയ പദ്ധതി തന്നെ വേണ്ടിവരും വേണ്ടിവരും.തുകയും കണ്ടെത്തണം. അത്തരത്തിൽ ആലോചന ഇതുവരെ വേണ്ടപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.