v

പാലാ: പൊതുമരാമത്ത് വകുപ്പുകാർ പാലാ നഗരസഭാധികാരികളോട് കാലു പിടിച്ചു പറഞ്ഞതാ, ടൗൺ ബസ് സ്റ്റാൻഡിനു സമീപത്തു നിന്ന് റിവർവ്യൂ റോഡിലേക്കുള്ള ഉപറോഡിൽക്കൂടി ഇനിയെങ്കിലും ഭാരവണ്ടികൾ കയറ്റി വിടല്ലേ എന്ന്..... ആര് കേൾക്കാൻ ....? ഇന്നലെ വൈകിട്ട് 4 മണിക്കും 5 മണിക്കും ഇടയിൽ മാത്രം ഇതുവഴി പോയ ടോറസുകൾ പത്തോളം വരും ! ബസ് സ്റ്റാൻഡിനു സമീപമുള്ള ഉപറോഡിൽ ഓടയ്ക്ക് മുകളിലെ ഗ്രില്ല് ഒടിഞ്ഞുണ്ടായ വാരിക്കുഴിയും, തുടർന്ന് നടന്ന അപകടങ്ങളും സമരങ്ങളുമൊക്കെ മാദ്ധ്യമങ്ങളിൽ തുടർ വാർത്തകളായപ്പോഴും റോഡിന്റെ ചുമതലയുള്ള നഗരസഭാധികാരികൾക്ക് കുലുക്കമുണ്ടായിരുന്നില്ല. ഒടുവിൽ ചില സംഘടനകൾ സമരം ശക്തമാക്കുകയും, സമരത്തിനിടെത്തന്നെ ഒരു ജനപ്രതിനിധി കുഴിയിൽ വീഴുകയും ചെയ്തതോടെ പൊതുമരാമത്ത് വകുപ്പ് അധികാരികൾ മുന്നോട്ടു വന്നു. റോഡ് നഗരസഭയുടേതാണെങ്കിലും പൊതുജന താത്പര്യം മുൻനിറുത്തി ഒടിഞ്ഞ ഗ്രില്ലിനു പകരം പുതിയ ഇരുമ്പ് ഗ്രില്ല് സ്ഥാപിക്കാൻ പൊതുമരാമത്തുകാർ തയ്യാറായി. മുപ്പതിനായിരത്തോളം രൂപാ മുടക്കി തങ്ങളുടേത് അല്ലാത്ത വഴി ഗതാഗത യോഗ്യമാക്കിയ പൊതുമരാമത്ത് വകുപ്പുകാർക്ക് നഗരഭരണാധികാരികളോട് ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളൂ; ദയവായി ഭാര വണ്ടികൾ ഇതു വഴി കടത്തി വിടല്ലേ എന്ന് മാത്രം. 'ഭാരവണ്ടികൾ ഇതു വഴി പോകുന്നത് നിരോധിച്ചിരിക്കുന്നു' എന്ന ബോർഡ് സ്ഥാപിക്കണമെന്നു കൂടി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചെങ്കിലും നഗരഭരണ നേതൃത്വം ഇതും 'കേട്ടില്ല !'.

 ഭാരവണ്ടികൾ കയറിയാൽ ഗ്രില്ല് വീണ്ടും വളയും

നാൽപ്പതും നാൽപ്പത്തഞ്ചും ടണ്ണുള്ള ടോറസ് ഉൾപ്പെടെയുള്ള ഭാരവണ്ടികൾ കയറിയാൽ പുതിയ ഗ്രില്ലും ഉടൻ വളയുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പിച്ചു പറയുന്നു. ഇത്രയും ഭാരം താങ്ങാനുള്ള ശേഷി ഗ്രില്ലിലെ ചെറിയ ഇരുമ്പ് പാനലുകൾക്കില്ല. സാദാ ഓടയുടെ മുകളിലാണ് ഈ ഗ്രില്ല് ഉറപ്പിച്ചിട്ടുള്ളത്. ഭാരവണ്ടികൾ തുടർച്ചയായി പോകുമ്പോൾ ഗ്രില്ല് വളഞ്ഞൊടിയാനും, ഓടയുടെ ഭിത്തി ഇടിയാനും സാദ്ധ്യതയുണ്ട്. ഭാരവണ്ടികൾ ഇതുവഴി ഓടുന്നത് കർശനമായി നിരോധിക്കുക മാത്രമാണ് റോഡ് സംരക്ഷിക്കാനുള്ള ഏക പോംവഴി. ഈ അപകട ഭീഷണിയെക്കുറിച്ച് ഒന്നുകൂടി നഗരസഭാധികാരികൾക്കു മുന്നറിയിപ്പു നൽകാൻ മാത്രമേ തങ്ങൾക്ക് കഴിയൂവെന്നും റോഡിന്റെ ചുമതലയുള്ള നഗരസഭയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും പൊതുമരാമത്ത് അധികാരികൾ ചൂണ്ടിക്കാട്ടി.