biju-v-kannezhan

വൈക്കം: വൈക്കം നഗരസഭ ചെയർമാനായി ബിജു വി. കണ്ണേഴത്ത് ചുമതലയേറ്റു. 26 അംഗ കൗൺസിലിൽ സി.പി.ഐ 6, സി.പി.എം 5, എൻ.സി.പി 1, സ്വതന്ത്രർ 2, കോൺ - 9, ബി.ജെ.പി 3 എന്നിങ്ങനെയാണ് കക്ഷിനില. ബിജു വി.കണ്ണേഴൻ, എസ്.ഇന്ദിരാദേവി എന്നീ സ്വതന്ത്രരുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് ഭരണത്തിലേറിയത്. സി.പി.ഐ, സി.പി.എം എന്നീ പാർട്ടികൾക്ക് ഒന്നരവർഷം വീതവും സ്വതന്ത്രർക്ക് ഓരോ വർഷവും ചെയർമാൻ സ്ഥാനം എന്നതായിരുന്നു ധാരണ. ഇതനുസരിച്ച് ആദ്യ ഒന്നര വർഷം സി.പി.ഐയിലെ എൻ. അനിൽ ബിശ്വാസും തുടർന്ന് ഇന്ദിരാദേവിയും സി.പി.എമ്മിലെ പി.ശശിധരനും ചെയർപേഴ്സൺമാരായി.

ഖദറിട്ട പാൽക്കാരൻ

പകൽ അലക്കി പശമുക്കി തേച്ച തൂവെള്ള ഖദറണിഞ്ഞ് കണ്ണേഴനുണ്ടാവും നഗരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത്. പക്ഷേ നഗരസഭയിൽ നിന്ന് ഒരു മണിയുടെ സൈറൻ മുഴങ്ങുമ്പോൾ കണ്ണേഴൻ അപ്രത്യക്ഷനാവും. അല്പസമയം കൂടി റോഡിൽ കാത്തുനിന്നാൽ കാണാം ഖദറിന് പകരം കൈലിയുടുത്ത് സൈക്കിളിൽ പാലുമായി പറക്കുന്ന കണ്ണേഴനെ. നഗരവാസികൾ കാലങ്ങളായി കാണുന്ന ബിജു വി കണ്ണേഴൻ അതാണ്. പൊതുപ്രവർത്തനത്തിനൊപ്പം നടത്തിയിരുന്ന പാൽക്കച്ചവടം രാഷ്ട്രീയം തൊഴിലാക്കിയവരിൽ നിന്ന് വ്യത്യസ്തമായി ആരുടെ മുന്നിലും കൈനീട്ടാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കണ്ണേഴന് എന്നും തുണയായി. പിതാവ് പരേതനായ കണ്ണേഴത്ത് എൻ.കെ.വാസു ദീർഘകാലം സി.പി.ഐ കാരയിൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പിതൃ സഹോദരന്മാരും കമ്മ്യൂണിസ്റ്റ് സഹയാത്രികർ. പക്ഷേ കണ്ണേഴനെ ആകർഷിച്ചത് ഖദറാണ്. കെ.എസ്.യു പ്രവർത്തകനായാണ് പൊതുജീവിതത്തിന്റെ തുടക്കം. താലൂക്ക് വൈസ് പ്രസിഡന്റും പിന്നീട് യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായി. രാഷ്ട്രീയത്തിനൊപ്പം എസ്.എൻ.ഡി.പി യോഗത്തിലും സജീവമാണ്. ഒരു വ്യാഴവട്ടത്തിലേറെക്കാലം യൂത്ത്മൂവ്മെന്റ് വൈക്കം യൂണിയൻ പ്രസിഡന്റായിരുന്നു. യോഗം ഡയറക്ടർ ബോർഡംഗമായും പ്രവർത്തിച്ചു. വൈക്കം ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റാണ്. കോൺഗ്രസ് റിബലായി 23-ാം വാർഡിൽ സി.പി.എമ്മിന്റേയും കോൺഗ്രസിന്റേയും രണ്ട് അതികായന്മാരോട് ഏറ്റുമുട്ടിയാണ് ബിജു വിജയിച്ചത്.

കുറച്ച് സമയം : ഒരുപാട് കാര്യങ്ങൾ

ചെയർമാനെന്ന നിലയിൽ ഏതാനും മാസങ്ങൾ മാത്രമാണ് ബിജുവിന് മുന്നിലുള്ളത്. തിരുവിതാംകൂറിലെ ആദ്യ അഞ്ച് നഗരസഭകളിലൊന്നാണ് വൈക്കം. രാജഭരണകാലത്തെ പ്രതാപത്തിന്റെ ശംഖ് മുദ്ര പേറുന്ന നഗരം. പൈതൃകം നഷ്ടമാകാതെ തന്നെ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള നഗരസൗന്ദര്യ വത്ക്കരണത്തിന് രൂപരേഖ തയ്യാറാക്കി പദ്ധതി ആവിഷ്കരിക്കുമെന്ന് ബിജു പറഞ്ഞു. നഗരസഭ ഓഫീസിന്റെ പ്രവർത്തനം സുതാര്യവും കാര്യക്ഷമവുമാക്കും. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ഫയൽ അദാലത്ത് സംഘടിപ്പിക്കും. ആശുപത്രിയുടെ സുഗമമായ പ്രവർത്തനവും വികസനവും എല്ലായിപ്പോഴും മുഖ്യ പരിഗണനാ വിഷയമായിരിക്കും. മാലിന്യ സംസ്കരണം സർക്കാർ അംഗീകൃത ഏജൻസിയുടെ സഹകരണത്തോടെ ഫലപ്രദമായി നടപ്പാക്കും. വേമ്പനാട്ടുകായലിന്റെ സാമിപ്യവും പ്രകൃതി മനോഹരമായ ഉൾനാടൻ ജലാശയങ്ങളും ഗ്രാമഭൂമികളും വിനോദ സഞ്ചാര മേഖലയിൽ വികസനത്തിന്റെ അനന്ത സാദ്ധ്യതകൾ വൈക്കത്തിന് മുന്നിൽ തുറന്നിടുന്നുണ്ട്. അത് പരമാവധി പ്രയോജനപ്പെടുത്തും.