കോട്ടയം: ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ കൊറോണ വൈറസ് പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും.
ജനങ്ങൾ പാലിക്കേണ്ട ജാഗ്രത സംബന്ധിച്ച് ഗ്രാമസഭാ യോഗങ്ങളിൽ വിശദീകരിക്കും. പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ സ്‌കൂളുകൾ, അങ്കണവാടികൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവിടങ്ങളിൽ നടത്തിവരുന്ന ബോധവത്കരണ പരിപാടികൾ തുടരുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു.
വ്യക്തിശുചിത്വം ഉറപ്പാക്കുന്നതിന് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും നിർദേശങ്ങൾ നൽകിവരുന്നു. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും അണുബാധ നിയന്ത്രണ നടപടികൾ തുടരും. ജില്ലാ കളക്ടർ പി.കെ.സുധീർ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലയിലെ കൊറോണ മുൻകരുതൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. നിലവിൽ 113 പേർ ജില്ലയിൽ പൊതുസമ്പർക്കമില്ലാതെ കഴിയുന്നുണ്ടെന്നും പുതിയതായി ആർക്കും ക്വാറന്റയിൻ നിർദേശം നൽകിയിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എ.ഡി.എം. അനിൽ ഉമ്മൻ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.കെ.ആർ. രാജൻ , ആർ.സി.എച്ച് ഓഫീസർ ഡോ.സി.ജെ. സിത്താര തുടങ്ങിയവർ പങ്കെടുത്തു.