പൊൻകുന്നം : നഗരത്തിന്റെ പല ഭാഗങ്ങളിലും സുന്ദരൻ നടപ്പാതകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവഴിയുള്ള കാൽനടയാത്ര അത്രത്തോളം സുഖകരമല്ല. വഴിനടക്കാൻ ഇടംകൊടുക്കാതെയുള്ള അനധികൃത കച്ചവടത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് കാൽനടയാത്രക്കാർ. ഫലമോ റോഡിലേക്കിറങ്ങി നടക്കാനാണ് വിധി. വഴിയോരത്തെ താത്കാലിക കച്ചവടക്കാരെ കൂടാതെ വാടകയ്ക്ക് മുറിയെടുത്ത് കടയിട്ടവരും നടപ്പാത കൈയടക്കി സാധനങ്ങൾ വഴിയിലേക്കിറക്കി വച്ചാണ് വ്യാപാരം. പൊൻകുന്നം ബസ് സ്റ്റാൻഡിന് എതിർവശത്ത് പച്ചക്കറിക്കടയിലെ സാധനങ്ങൾ റോഡരികിലേക്ക് പ്രദർശിപ്പിച്ചാണ് കച്ചവടം.

ഇവിടെ ബസുകൾ സ്റ്റാൻഡിൽ നിന്ന് തിരിഞ്ഞിറങ്ങി വരുമ്പോൾ എതിരെ മറ്റ് വാഹനങ്ങൾ വരുന്നതിനാൽ നടക്കാൻ സ്ഥലമില്ല. സാധനങ്ങൾ വാങ്ങാൻ നിൽക്കുന്നവരുടെ തിരക്കുകൂടിയാകുമ്പോൾ യാത്രക്കാർ വാഹനങ്ങൾക്കിടയിൽ റോഡിന് നടുവിലൂടെ നടക്കണം. നടപ്പാതയിലേക്ക് ബോർഡുകൾ ഇറക്കിവയ്ക്കുന്നവരും കടയുടെ മുമ്പിൽ സ്വന്തം വാഹനങ്ങൾ പാർക്കുചെയ്ത് അവകാശം സ്ഥാപിക്കുന്നവരുമുണ്ട്.

വഴിയോരം വാടകയ്ക്ക്

ചിലർ വഴിയോരം വാടകയ്ക്ക് കൊടുത്ത് പണമീടാക്കുന്നുമുണ്ട്. സ്വന്തം കടയ്ക്ക് മുൻപിൽ റോഡരികിൽ സാധനങ്ങൾ നിരത്തി കച്ചവടം ചെയ്യുന്നതിന് അനുമതി നൽകി പ്രതിദിനം 500 രൂപ വരെ വാടക ഈടാക്കുകയാണ്. അതായത് മാസം വഴിയോരം വാടകയ്ക്ക് നൽകി 15000 രൂപ വരുമാനം.

ഭീതിയോടെ മറുകരയെത്താം

ബസ് സ്റ്റാൻഡിന് എതിർവശത്ത് ദേശീയപാതയിലുള്ള സീബ്രാലൈനിനോട് ചേർത്ത് വാഹനങ്ങൾ നിറുത്തിയിടുന്നതിനാൽ സുരക്ഷിതമായി റോഡ് കുറുകെ കടക്കാനാകുന്നില്ല. തിരക്കുള്ള സമയങ്ങളിൽ പൊലീസിനെ നിയോഗിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടും നടപടിയില്ല. സീബ്രാലൈനിൽ ചെറുവാഹനങ്ങൾ വട്ടംതിരിഞ്ഞ് റോഡിന് എതിർവശത്തേക്ക് കടക്കുന്നതും യാത്രക്കാർക്ക് അപകടസാദ്ധ്യതയേറ്റുന്നു.

''

ദേശീയപാത കൈയേറിയുള്ള കച്ചവടത്തിനും അനധികൃത പാർക്കിംഗിനുമെതിരേ നടപടിയെടുക്കണം"

പൊൻകുന്നം ടൗൺ ഡെവലപ്പ്മെന്റ് കൗൺസിൽ

പ്രശ്നങ്ങൾ ഇവ

സാധനങ്ങൾ നടപ്പാതയിൽ പ്രദർശിപ്പിക്കുന്നു

ബോർഡുകൾ നടപ്പാത അടച്ച് വയ്ക്കുന്നു

വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്