കോട്ടയം: വേനൽ കടുത്തതോടെ കിണറുകൾ വറ്റിത്തുടങ്ങി. അതോടെ കുഴൽക്കിണർ നിർമ്മിക്കുന്നതിന്റെ തിരക്കായി. ജില്ലയിലെ പല പ്രദേശങ്ങളിലും രാത്രിയെന്നോ പലകലെന്നോയുള്ള വ്യത്യാസമില്ലാതെ കുഴൽകിണർ നിർമ്മാണം തകൃതിയായി നടക്കുകയാണ്. കുഴൽകിണർ കുത്താൻ ഭൂഗർഭ ജലവിഭവ വകുപ്പിന്റെ അനുമതി വേണമെന്നാണ് നിയമം. എന്നാൽ അനുവാദവും മാർഗനിർദ്ദേശളുമെല്ലാം കാറ്റിൽപറത്തിയാണ് പലയിടത്തും നിർമ്മാണം പൊടിപൊടിക്കുന്നത്. പഞ്ചായത്തിന്റെയോ, മുനിസിപ്പാലിറ്റിയുടെയോ അനുവാദവും കുഴൽകിണർ കുത്താൻ അവശ്യമാണ്.
എന്നാൽ, ഭൂഗർഭ ജലവിഭവ വകുപ്പ് അറിയാതെ അനധികൃമായി അനുമതി സമ്പാദിക്കുകയാണ് പലരും ചെയ്യുന്നത്. കോട്ടയം ജില്ലയിൽ 2017-ൽ കുഴൽകിണർ നിർമ്മിക്കാനുള്ള അനുമതി ഭൂഗർഭ ജലവിഭവ വകുപ്പ് റദ്ദാക്കിയിരുന്നു. കഴിഞ്ഞവർഷവും ഇവരുടെ അനുമതിയോടെ കുഴൽ കിണർ നിർമ്മിച്ചിട്ടില്ല. എന്നാൽ ജില്ലയിൽ രൂപപ്പെട്ടതോ നൂറു കണക്കിന് കുഴൽക്കിണറുകളും. ഭൂഗർഭ ജലവകുപ്പ് നിരക്ക് കൂട്ടിയതും സ്വകാര്യ ഏജൻസികൾക്ക് സഹായകരമായി എന്നുവേണം കരുതാൻ. സമീപത്തെ കിണറുകളുടെയും മറ്റു കുടിവെള്ള സ്രോതസുകളുടെയും അടിത്തട്ടിന്റെ അതേ നിരപ്പിലാണ് കുഴൽക്കിണറിന്റെയും അടിത്തട്ടെങ്കിൽ അവയൊക്കെ വറ്റുന്നതിന് ഇടയാകും. യഥാർത്ഥത്തിൽ വേണ്ട ആഴം കുഴൽക്കിണറിനില്ലെങ്കിൽ ഭൂമിക്കടിയിലെ ജലശേഖരത്തെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഏജൻസികളാവട്ടെ കുഴിക്കുന്നതിനിടയിൽ ഏതെങ്കിലുമൊരു ഭാഗത്ത് വെള്ളം കണ്ടാലുടൻ പണി മതിയാക്കി സ്ഥലം വിടുകയാണ് പതിവ്.
നിയമം അങ്ങനെ
കുഴൽക്കിണർ സ്ഥാപിക്കാൻ ഭൂഗർഭ ജലവിഭവ വകുപ്പിന്റെ അനുമതി വേണം. നിശ്ചിത തുക ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുകയാണ് ആദ്യപടി. ഏറെ വെള്ളം ലഭിക്കാനിടയുള്ള സ്ഥലം കണ്ടെത്താനും ഗുണനിലവാരം അളക്കാനുമായി ഹൈഡ്രോ ജിയോളജിസ്റ്റിനെ ഈ അപേക്ഷയുടെ അടിസ്ഥാനത്തിൽ വകുപ്പ് നിയോഗിക്കും. പരിശോധനാഫലം വിലയിരുത്തിയ ശേഷം കുഴൽക്കിണർ നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലവും എത്ര ആഴത്തിൽ നിർമ്മിക്കണമെന്നതും ചൂണ്ടിക്കാട്ടി അപേക്ഷകന് കത്തയയ്ക്കും. വകുപ്പ് നേരിട്ട് കിണർ നിർമ്മിക്കാനാണ് ഇങ്ങനെ അനുമതിക്കത്ത് നൽകുന്നത്. എന്നാൽ ഇത് സ്വകാര്യ ഏജൻസികൾക്ക് കുഴൽക്കിണർ നിർമ്മാണം നടത്താനുള്ള അനുമതിയില്ല.
തട്ടിപ്പ് ഇങ്ങനെ
വകുപ്പിൽ നിന്ന് ലഭിച്ച കത്തുമായി സ്വകാര്യ ഏജൻസികളിലെ കരാറുകാർ ഉപഭോക്താവിനൊപ്പം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെത്തും. വകുപ്പിന്റെ അനുമതി ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള അനുമതി കൂടി തരപ്പെടുത്തുന്നതോടെ കിണർ നിർമ്മാണം തുടങ്ങും. ഇതാണ് കരാറുകാരുടെ തന്ത്രം. എന്നാൽ, ഈ തട്ടിപ്പ് തിരിച്ചറിഞ്ഞ ഭൂഗർഭ ജലവിഭവ വകുപ്പ് മറുതന്ത്രവുമായി രംഗത്തെത്തി. 'ഭൂഗർഭ ജലവിഭവ വകുപ്പ് നേരിട്ട് കുഴൽക്കിണർ നിർമ്മിക്കുന്നതിനുള്ള അനുമതിപത്രം' എന്ന് പ്രത്യേകം രേഖപ്പെടുത്താൻ തുടങ്ങി. എന്നാൽ ഉദ്യോഗസ്ഥർക്ക് നല്ലപോലെ കൈമടക്ക് കൊടുത്ത് സ്വകാര്യ കരാറുകാർ ഇതിനെയും വെട്ടിനിരത്തി മുന്നേറുകയാണ്. നേരായ വഴിയിലൂടെ പോയാൽ അനന്തമായി കാത്തിരിക്കേണ്ടി വരുമെന്നതിനാലാണ് സ്വകാര്യ ഏജൻസികളെ ആശ്രയിക്കാൻ ആളുകൾ നിർബന്ധിതരാകുന്നത്. നിർമ്മാണത്തിന് ഭൂഗർഭ ജലവകുപ്പ് ഈടാക്കിയിരുന്ന നിരക്ക് കൂട്ടിയതും സ്വകാര്യ ഏജൻസികൾക്ക് സഹായകരമായി.