കറുകച്ചാൽ: ജനവാസ മേഖലയിലെ തോട്ടിൽ മാലിന്യം തള്ളി. മാന്തുരുത്തി ചമ്പക്കര തോട്ടിലാണ് ഇന്നലെ വൈകുന്നേരം നാലരയോടെ കെട്ടിട നിമ്മാണത്തിന്റ അവശിഷ്ടങ്ങളും പെയിന്റും ഉൾപ്പെടെയുള്ളവ തള്ളിയത്. വൈറ്റ് സിമന്റും പെയിന്റുമടക്കം കലക്കി തോട്ടിലേക്ക് ഒഴുക്കുകയായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി നൂറുകണക്കിനാളുകൾ ഉപയോഗിക്കുന്ന തോടാണിത്. നീരൊഴുക്ക് കുറഞ്ഞ തോട്ടിൽ മാലിന്യം ഒഴുക്കിയതോടെ വെള്ളത്തിന് നിറംമാറ്റവും സംഭവിച്ചു. അതേസമയം നാട്ടുകാർ നടത്തിയ പരിശോധനയിൽ പ്രദേശവാസി തന്നെയാണ് തോട്ടിൽ മാലിന്യം ഒഴുക്കിയതെന്ന് കണ്ടെത്തി. സംഭവത്തിൽ പ്രദേശവാസികൾ കറുകച്ചാൽ പൊലീസിൽ പരാതി നൽകി.