കോട്ടയം: കുലുക്കി സർബത്തും ഫുൾജാർ സോഡയും ഔട്ട്. കരിക്കും കരിമ്പിൻ ജ്യൂസും വിപണി പിടിച്ചടക്കി. മുൻപ് വഴിയോരങ്ങളിൽ വിൽപനയ്ക്ക് എത്തിച്ചിരുന്ന കരിക്കുകൾ ഇപ്പോൾ നഗരത്തിലെ ഫ്രൂട്‌സ് കടകളിലെയും പ്രധാന ഐറ്റമാണ്. കൃത്രിമ ശീതളപാനീയങ്ങൾ ഹാനികരമാണെന്ന് ബോദ്ധ്യമായതോടെയാണ് ആളുകൾക്ക് കരിക്കിനോടും കരിമ്പിൻ ജ്യൂസിനോടും ഇഷ്ടം കൂടാൻ കാരണം.
പോഷകങ്ങൾ ഏറെയടങ്ങിയ കരിക്ക് ദാഹമകറ്റാനും ശരീരം തണുപ്പിക്കുന്നതിനും താപനില നിലനിർത്തുന്നതിനും അത്യുത്തമമാണ്. കരിക്കിന്റെ വെള്ളവും കുടിക്കാം, പ്ലാഞ്ഞിൽ ഉപയോഗിച്ച് ഉള്ളിലെ കാമ്പും കഴിക്കാം.
ആളുകൾക്ക് കരിമ്പിൻ ജ്യൂസിനോടും പ്രിയമേറിയിരിക്കുകയാണ്. ജ്യൂസിനോടൊപ്പം ചേർക്കുന്ന ഇഞ്ചിയും ചെറുനാരങ്ങായും പ്രത്യേക രുചിയാണ് സമ്മാനിക്കുന്നത്. പ്രധാന റോഡുകളുടെ വശങ്ങളിലെല്ലാം കരിമ്പിൻ ജ്യൂസ് ലഭിക്കുന്ന കടകൾ വ്യാപകമായി തുടങ്ങി. ആവശ്യത്തിനുള്ള കരിമ്പെടുത്ത് മെഷീനിലിട്ട് നീര് ഊറ്റി തയാറാക്കുന്ന കരിമ്പിൻ ജ്യൂസ് ഫ്രഷ് ആയി ലഭിക്കും. അതിനാൽ ധാരാളം ആളുകൾ എത്താറുണ്ടെന്ന് ജ്യൂസ് വിൽപനക്കാർ പറയുന്നു.
കരിക്കെത്തുന്നത് തമിഴ്‌നാട്ടിൽ നിന്ന്
കരിമ്പ് എത്തുന്നത് പാലക്കാട്ട് നിന്ന്
കരിക്കൊന്നിന് 40 രൂപ
കരിമ്പ് ജ്യൂസ് 30 രൂപ
പ്ലാസ്റ്റിക് നിരോധനം വന്നെങ്കിലും ജ്യൂസ് വിൽപനയ്ക്ക് കുറവുണ്ടായിട്ടില്ല. മിക്കവരും വീടുകളിൽ നിന്ന് സഞ്ചികൾ കൊണ്ടുവന്ന് കരിക്കും പാത്രങ്ങളുമായി വന്ന് കരിമ്പിൻ ജ്യൂസും കൊണ്ടുപോകാറുണ്ട്.
-നാരായണൻ, വഴിയോര കച്ചവടക്കാരൻ