കോട്ടയം: സംസ്ഥാന പാതയായ എംസി റോഡരികിലേക്ക് ഒരിടവേളയ്‌ക്കു ശേഷം വീണ്ടും നെൽകൃഷി മടങ്ങിയെത്തുന്നു. മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി എബി കുന്നേപ്പറമ്പിൽ പ്രസിഡന്റായുള്ള പാടശേഖര സമിതിയാണ് ഇവിടെ കൃഷിയിറക്കുന്നത്. റോഡരുകിലുള്ള അമ്പതിലേറെ ഏക്കർ നെല്പാടങ്ങളുടെ തരിശുനില കൃഷി ജില്ലാ കളക്ടർ പി.കെ സുധീർ ബാബു ഇന്ന് രാവിലെ ഒൻപതിന് ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ പുഞ്ചകൃഷിയുടെ വിളവെടുപ്പ് പലയിടത്തും ആരംഭിച്ചു കഴിഞ്ഞു. കൃഷി വൈകിയിട്ടും ഈ വർഷം തന്നെ കൃഷിയിറക്കുമെന്നാണ് കർഷകരുടെ നിലപാട്. തൊണ്ണൂറ് ദിവസത്തിൽ മൂപ്പെത്തുന്ന മണിരത്‌നമെന്ന വിത്താണ് വിതയ്ക്കുന്നത്. കഴിഞ്ഞ വർഷം പൂഴിക്കുന്ന് തരുത്തുമ്മേൽചിറ പാടത്തും ഫെബ്രുവരി ആദ്യവാരം വിതയ്ക്കുകയും വിളവെടുപ്പ് ലാഭകരമായി നടത്തുകയും ചെയ്തിരുന്നു. തരിശുനിലക്കൃഷിക്കായി തരിശുഭൂമി വിട്ടു നൽകുന്നതിലുണ്ടാകുന്ന പ്രതിസന്ധിയാണ് നിലമൊരുക്കൽ വൈകിക്കുന്നത്. അതിനു പരിഹാരമുണ്ടാകണമെന്നും ജനകീയ കൂട്ടായ്മ ആവശ്യപ്പെടുന്നു.
ആർ.ഡി.ഒ ഉത്തരവ് പുറത്തിറക്കി, പാടശേഖരങ്ങൾ കൃഷി യോഗ്യമാക്കി
മൂന്നു പതിറ്റാണ്ടായി തരിശിട്ട് കിടന്നിരുന്ന കാക്കൂർ - ചമ്പംവലി പാടശേഖരങ്ങളാണ് കൃഷിയിറക്കാൻ കർഷകർക്ക് താത്കാലികമായി വിട്ടു നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ചു ആർ.ഡി.ഒ ഉത്തരവ് പുറത്തിറക്കി. മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ നദീപുനസംയോജന ജനകീയ കൂട്ടായ്‌മ കൺവീനർ അഡ്വ.കെ.അനിൽകുമാറിന്റെ നേത്യത്വത്തിലുള്ള ജനകീയ കൂട്ടായ്‌മ നാല് ഹിറ്റാച്ചി യന്ത്രങ്ങൾ ഉപയോഗിച്ച് 60 ദിവസം പ്രവർത്തിപ്പിച്ചാണ് പാടശേഖരങ്ങൾ കൃഷി യോഗ്യമാക്കിയത്.