കോട്ടയം: കടലിലും വേമ്പനാട്ടുകായലിലും വൻതോതിൽ അടിഞ്ഞു കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം മത്സ്യങ്ങളുടെയും അതുവഴി മനുഷ്യരുടെയും ആരോഗ്യത്തിന് വൻഭീഷണിയെന്ന് കണ്ടെത്തൽ .
മത്സ്യത്തിന്റെ ശരീരത്തിലെ മസിലുകളിലാണ് പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് . ഇത്തരം മത്സ്യങ്ങൾ കഴിക്കുന്നവരുടെ ശരീരത്തിലും പ്ലാസ്റ്റിക്കിന്റെ അംശമെത്തും . ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്നാണ് കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് (കുഫോസ് ) ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തൽ. സി.എം.എഫ്.ആർ.ഐ സമീപ കാലത്തു നടത്തിയ പഠനത്തിൽ മീനുകളുടെ കുടലിലും പ്ലാസ്റ്റിക് പൊടി കണ്ടെത്തിയിരുന്നു.
വേമ്പനാട്ടുകായലിലും പ്ലാസ്റ്റിക് മാലിന്യം മത്സ്യ സമ്പത്തിനെ ബാധിച്ചിട്ടുണ്ട്. കരിമീന്റെ ഉത്പാദനം വൻതോതിൽ കുറഞ്ഞത് മത്സ്യതൊഴിലാളികളെയും ബാധിച്ചു. ഡിമാൻഡ് കൂടി ഉത്പാദനം കുറഞ്ഞതോടെ അപരനായെത്തിയ ആന്ധ്ര കരിമീനും കരിമീനെപ്പോലിരിക്കുന്ന തിലോപ്യയും വിപണി പിടിച്ചു. അടിയിൽ വെളുപ്പ് നിറം കൂടിയ ആന്ധ്ര കരിമീന് രുചികുറവാണ്. പല ഹോട്ടലുകളിലും കുമരകം കരിമീനെന്ന പോരിൽ നൽകുന്നത് തിലോപ്യയും ആന്ധ്ര കരിമീനുമാണ്.
മത്തി, അയില അടക്കം കടലിനടിയിൽ നിന്ന് ഭക്ഷണം കണ്ടെത്തുന്ന മീനുകളിലാണ് പ്ലാസ്റ്റിക് സാന്നിദ്ധ്യം കൂടുതൽ
കേരള തീരങ്ങളിൽ മത്തി വൻതോതിൽ കുറഞ്ഞു. ഇത് പ്ലാസ്റ്റിക് മൂലമാണോയെന്ന സംശയവും വിദഗ്ദ്ധർക്കുണ്ട്
ഒരു വർഷം കുറഞ്ഞാൽ അടുത്ത വർഷം മത്തിയുടെ ഉൽപ്പാദനം ഇരട്ടിയാകുന്നതായിരുന്നു മുൻ വർഷങ്ങളിൽ കണ്ടിരുന്നത്.
കടലിലെ താപനിലയിലെ നേരിയ മാറ്റം പോലും മത്തി, അയില എന്നിവയുടെ ആവാസ വ്യവസ്ഥയെ ബാധിക്കും.
കുഫോസ് കണ്ടെത്തലിന്റെ തുടർച്ചയായി പ്ലാസ്റ്റിക്ക് അംശമുള്ള മത്സ്യം കഴിക്കുന്നവർക്ക് ഏതൊക്കെ രോഗം വരാമെന്നതിനെക്കുറിച്ച് ആരോഗ്യ വകുപ്പ് വിദഗ്ദ്ധ പഠനം നടത്തണം. ജലസ്രോതസുകളിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നവർ പിന്നീട് മത്സ്യം കഴിച്ച് രോഗികളായി മാറുന്നതിനെക്കുറിച്ച് ബോധവത്ക്കരണം നടത്തേണ്ടിയിരിക്കുന്നു.
ഡോ. ബി.മധുസുദനക്കുറുപ്പ്
(കുഫോസ് സ്ഥാപക വൈസ് ചാൻസലർ)