പാലാ : കായിക കേരളത്തിന്റെ അഭിമാനകേന്ദ്രമായി പാലാ മാറിക്കഴിഞ്ഞെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. യൂത്ത്ഫ്രണ്ട് (എം) നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.എം. മാണി മെമ്മോറിയൽ വോളി 2020 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അത്‌ലറ്റിക് ഉൾപ്പെടെയുള്ള ദേശീയനിലവാരത്തിലുള്ള കായിക മത്സരങ്ങൾക്ക് ആതിഥ്യമരുളാൻ പാലാ സജ്ജമാണ്. 22 കോടി മുടക്കി നിർമ്മിച്ച എട്ട് ലൈൻ സിന്തറ്റിക് ട്രാക്കോട് കൂടിയ സ്റ്റേഡിയം പാലായുടെ വികസനവഴിയിലെ നാഴികക്കല്ലാണ്. ഗാലറികളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ സ്റ്റേഡിയത്തിന്റെ പ്രാധാന്യം കൂടുതൽ വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടൂർണമെന്റിൽ ന്യൂസ്റ്റാർ ഇടുക്കി രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് കേരളാ പൊലീസിനെ പരാജയപ്പെടുത്തി. ജോസ് കെ. മാണി എം.പി സമ്മാനങ്ങൾ വിതരണം ചെയ്തു. യൂത്ത്ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് കുഞ്ഞുമോൻ മാടപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ഇ.ജെ.ആഗസ്തി, രാജേഷ് വാളിപ്ലാക്കൽ, ഫിലിപ്പ് കുഴികുളം, ജോസ് ടോം, ബേബി ഉഴുത്തുവാൽ, സാജൻ തൊടുക, പെണ്ണമ്മ തോമസ്, ആന്റോ പടിഞ്ഞാറേക്കര, സുനിൽ പയ്യപ്പള്ളിൽ, സിജോ പ്ലാത്തോട്ടം, തോമസുകുട്ടി വരിക്കയിൽ, ആന്റോ വെള്ളാപ്പാട്, അവിരാച്ചൻ ചൊവ്വാറ്റുകുന്നേൽ, ബിനു പുലിയുറുമ്പിൽ, ഫെലിക്‌സ് വെളിയത്ത്, അലൻ കിഴക്കേക്കുറ്റ്, ബിനേഷ് പാറാംതോട്ട്, മനോജ് മറ്റമുണ്ട, ബിജു ഇളംതുരുത്തി, ടോബി തൈപ്പറമ്പിൽ, ജൂബിൾ പുതിയമഠം, സുജയ് കളപ്പുരയ്ക്കൽ, ശ്രീകാന്ത് എസ്. ബാബു, ബിനു മാളികപ്പുറം, സച്ചിൻ കളരിക്കൽ, ജിൻസ് ചീരാംകുഴി തുടങ്ങിയവർ പ്രസംഗിച്ചു.
മികച്ച സ്‌പൈക്കർ, ലിബറോ, സെറ്റർ, ഓൾറൗണ്ടർ എന്നിവർക്ക് ട്രോഫികൾ നൽകി. അർജുന അവാർഡ് ജേതാവ് ടോം ജോസഫ്, മുൻ ഇന്ത്യൻ ക്യാപ്ടൻരായ ബിബിൻ എം. ജോർജ്, രാജ് വിനോദ്.പി, ടൂർണമെന്റ് രക്ഷാധികാരി ഫിലിപ്പ് കുഴികുളം എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ചു. കൂപ്പൺ നറുക്കെടുപ്പിൽ വിജയിയായ ഷാജി പി.എസ്.എലിവാലിക്ക് ഒരു പവൻ സ്വർണമോതിരം നൽകി.