ചങ്ങനാശേരി : കനത്ത ചൂടിൽ തോടുകൾ വറ്റുന്നത് നെൽകർഷകരെ ദുരിതത്തിലാക്കുന്നു. തോടുകളിൽ നീരൊഴുക്ക് നിലച്ചതോടെ സമീപ പ്രദേശങ്ങളിലെ കിണറുകൾ വറ്റുന്നത് കുടിവെള്ള ക്ഷാമവും രൂക്ഷമാക്കുകയാണ്. വർഷങ്ങളായി തരിശ് കിടന്ന പാടങ്ങൾ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവരെയാണ് തോട്ടിലെ ജലനിരപ്പ് താഴുന്നത് ബുദ്ധിമുട്ടിലാക്കുന്നത്.
തരിശ് പാടങ്ങളോട് ചേർന്നൊഴുകുന്ന തോടുകൾ ചെളിയും മാലിന്യവും അടിഞ്ഞു കൂടി ആഴം കുറയുകയും, വേനലിൽ ജലനിരപ്പ് താഴുകയും ചെയ്തതോടെ നീരൊഴുക്ക് നിലച്ചു. പ്രധാനപ്പെട്ട തോടുകളെല്ലാം ആഴം കൂട്ടി ജലഗതാഗതത്തിന് വരെ തുറന്നു കൊടുത്തെങ്കിലും ഉൾപ്രദേശങ്ങളിലേക്കുള്ള പാടങ്ങളോട് ചേർന്നൊഴുകുന്ന തോടുകൾ പലതും പഴയ നിലയിലാണ്. ഇവിടേക്ക് ഏക്കറു കണക്കിന് നെൽകൃഷി വ്യാപിപ്പിച്ചിരുന്നു. വേനൽ ഇനിയും കടുത്താൽ പാടങ്ങളിലേക്ക് വെള്ളമെത്തിക്കാൻ കഴിയാതെ കൃഷി നാശത്തിന്റെ വക്കിലെത്തുമെന്ന് കർഷകർ പറയുന്നു.
തരിശ് രഹിത ഗ്രാമം : പ്രതീക്ഷകൾ അസ്തമിക്കുന്നു
സമ്പൂർണ തരിശ് രഹിതമാക്കാനുള്ള ശ്രമം നടക്കുന്ന പനച്ചിക്കാട് പഞ്ചായത്തിലെ പൂവൻതുരുത്ത് ചാന്നാനിക്കാട് പ്രദേശത്തേക്കൊഴുകുന്ന തോട്ടിൽ നീരൊഴുക്ക് നിലച്ചു. ഇവിടെ തരിശ് കിടന്ന ഏക്കറ് കണക്കിന് പാടങ്ങളിലാണ് ഇത്തവണ കൃഷി ഇറക്കാനായി കർഷകരെത്തിയിട്ടുള്ളത്. അടിയന്തിരമായി വെള്ളമൊഴുക്ക് നിലച്ച തോടിന്റെ ആഴം കൂട്ടണമെന്നാണ് കർഷകരുടെ ആവശ്യം.